കർമ്മ ന്യൂസിന്റെ പുതിയ സിഇഒ ആയി പി.ആർ സോംദേവ് ചാർജെടുത്തു

കർമ്മ ന്യൂസിന്റെ പുതിയ സിഇഒ ആയി പി.ആർ സോംദേവ് ചാർജെടുത്തു. ശാന്തിഗിരി ആശ്രമത്തിൽ ഗുരു പൂജ നടത്തിയ ശേഷമായിരുന്നു തന്റെ പുതിയ തുടക്കം അദ്ദേഹം കുറിച്ചത്. ശ്രീ കരുണാകര ഗുരുവിന്റെ അനുഗ്രഹങ്ങൾ ഏറ്റു വാങ്ങുവാൻ വെള്ളിയാഴ്ച്ച പുലർച്ചെ തന്നെ പി.ആർ സോംദേവ് ആശ്രമത്തിൽ എത്തിയിരുന്നു. ഗുരുപാദങ്ങളിൽ അനുഗ്രഹം വാങ്ങുവാൻ എത്തിയ കർമ്മ ന്യൂസ് സി.ഇ ഒയെ ആശ്രമ അധികൃതരും മറ്റും ചേർന്ന് സ്വീകരിച്ചു. പൂജകൾക്ക് ശേഷം സ്വാമി ഗുരു രത്നം ജ്ഞാന തപസിയുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തി.

ഗുരു സന്നിധിയിൽ നിന്നുള്ള വളരെ പോസിറ്റീവായ പശ്ചാത്തലം എല്ലാ വിജയങ്ങളിലേക്കും നയിക്കും എന്ന് പി ആർ സോം ദേവ് പറഞ്ഞു. കർമ്മ ന്യൂസിന്‌ ആദ്യമായാണ്‌ സി.ഇ ഒ എന്ന പോസ്റ്റും ഒരു പദവിയും ഉണ്ടാകുന്നത്. നിലവിൽ മാനേജിങ്ങ് എഡിറ്റർ കൂടിയായ വിൻസ് മാത്യുവായിരുന്നു കർമ്മ ന്യൂസിന്റെയും കമ്പിനിയുടേയും തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി മുതൽ കർമ്മ ന്യൂസിന്റെ ബിസിൻസ് ചുമതലകളും വിവിധ പദ്ധതികളുടെ തലപ്പത്തും പുതിയ സി.ഇ ഒ ആയിരിക്കും പ്രവർത്തിക്കുക. കർമ്മ ന്യൂസ് കമ്പിനി കഴിഞ്ഞ ഡിസംബർ അവസാനം ആയിരുന്നു പി ആർ സോം ദേവിനെ സി ഇ ഒ ആയി നിയമിച്ചത്.

എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസ നീതിയും സൗകര്യവും ഉറപ്പാക്കാൻ രൂപീകരിച്ച പർവ്വസിദ്ധി ഫൗണ്ടേഷൻ സ്ഥാപകനാണ്‌ പി ആർ സോംദേവ്. വളരെ ചെറുപ്പത്തിൽ തന്നെ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിച്ചു. ഇരുപത് വർഷത്തിലേറെയായി സാമൂഹിക പ്രവർത്തകനാണ്. പ്രത്യേകിച്ചും ഗ്രാമ വികാസ്, ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിലൂടെ സംരംഭക – വ്യാപാര മേഖലയിലും വിവിധ തലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി ആർ സോംദേവ് തന്റെ ആശയങ്ങൾക്ക് മതപരവും രാഷ്ട്രീയവുമായ അതിർവരമ്പുകൾക്കപ്പുറം ജനങ്ങൾക്കിടയിൽ സ്വീകാര്യത കണ്ടെത്തി.

ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള മതസൗഹാർദത്തിൽ അധിഷ്ഠിതമായ ഒരു ഏകീകൃത കേരളം കെട്ടിപ്പടുത്തുക; ജാതീയത തുടച്ചുനീക്കി ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, നവ-ഹിന്ദുത്വത്തിലൂടെ ഒരു ഹിന്ദു നവോത്ഥാനം പുനരുജ്ജീവിപ്പിക്കുക – ഇവയാണ് പി.ആർ.സോംദേവിന്റെ സ്വപ്നങ്ങൾ.ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ ആവേശകരമായ പിന്തുണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്ശ്രീനാരായണ ധർമ്മ ഭാരതി ഓഫ് ഇന്ത്യ) എന്ന പേരിൽ ഒരു സാമൂഹിക സാംസ്കാരിക സംഘടന ആരംഭിക്കാൻ അദ്ദേഹം രൂപീകരിച്ചിരുന്നു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം ഐക്യം കെട്ടിപ്പടുത്താനും എല്ലാ തരത്തിലുമുള്ള മതഭ്രാന്തും ഭീകരവാദവും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിടുന്ന ഒരു  പ്രസ്ഥാനമാണ് ശ്രീനാരായണ ധർമ്മ ഭാരതി ഓഫ് ഇന്ത്യ.

കർമ്മ ന്യൂസിനെ 2023ൽ സാറ്റലൈറ്റ് നിരയിലേക്ക് എത്തിക്കുകയും കേബിൾ നെറ്റ് വർക്കിലേക്ക് കൊണ്ടുവരികയും ആണ്‌ പ്രധാനമായും ലക്ഷ്യം എന്ന് പുതിയ സി .ഇ ഒ പറഞ്ഞു. കൂടാതെ സോഷ്യൽ മീഡിയ പ്രസ് ക്ളബ് ആരംഭിക്കും. കർമ്മ ന്യൂസിനെ ഒ.ടി.ടി പ്ളാറ്റ് ഫോമിൽ കൊണ്ടുവരികയും ചെയ്യും.

ശാന്തിഗിരി ആശ്രമത്തിലെത്തിയ പി ആർ സോം ദേവ് ആശ്രമ അധികാരികളുമായി ചർച്ച നടത്തി. യുഗധർമ്മത്തിൻ്റെ ആത്മീയ സ്വരൂപമായി സകലചരാചരങ്ങൾക്കും ശാന്തിയും സമാധാനവും പകർന്ന് നൽകിയ യോഗിവര്യനായ പരമാത്മാവിൻ്റെ തപോഭൂമിയാണ് പോത്തൻകോട് ശാന്തിഗിരി ആശ്രമം എന്ന് അദ്ദേഹം പറഞ്ഞു. ദിനവും ആയിരക്കണക്കിന് ഗുരുഭക്തരുടെ സാന്നിധ്യവും പ്രാർഥനയും കൊണ്ട് ഗുരു ചൈതന്യം എങ്ങും നിറഞ്ഞ് നിൽക്കുന്നു. ആത്മീയ മൂല്യങ്ങൾക്ക് പുറമെ മാനുഷിക മൂല്യങ്ങളും സാംസ്കാരിക മൂല്യങ്ങളും പ്രകൃതിയെയും സംരക്ഷിക്കുന്നതിന് വേണ്ടി നിരവധിയായ അനേകം പ്രവർത്തനങ്ങളും ഇവിടെ നടത്തി പോരുന്നു. ശാന്തിഗിരിയുടെ ശാഖകൾ ഇന്ത്യയിൽ നിരവധി സ്ഥലങ്ങളിൽ വളരെ ഭംഗിയോടെയും പ്രൗഡിയോടെയും നടത്തി പോരുന്നു. ആശ്രമത്തിലെ അനുഗ്രഹവും ഊർജവും ഇനി ശ്രീ സോംദേവിലൂടെ കരമയിലേക്കും പകർന്നുകിട്ടുമെന്ന ശുഭപ്രതീക്ഷയോടെ ശ്രീ സോംദേവിന് കർമയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ആശംസിക്കുന്നു.