ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ പ്രഭുദേവ

തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നറിയപ്പെടുന്ന വ്യക്തിയാണ് പ്രഭുദേവ. നൃത്തത്തിൽ മാത്രമല്ല അഭിനയത്തിലും സംവിധാനത്തിലും പ്രഭുദേവ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലൊക്കെ തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ പ്രഭുദേവയ്ക്ക് സാധിച്ചു.

ചോറ്റാനിക്കരയിൽ ദർശനം നടത്താനെത്തിയ പ്രഭുദേവയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം.

എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെയാണ് നടൻ ചോറ്റാനിക്കരയിലെത്തിയത്. പ്രഭുദേവ ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഗീതത്തിനും നൃത്തത്തിനും ‌പ്രാധാന്യമുള്ള കളർഫുള്‍ എന്റർടെയിനറായി ഒരുങ്ങുന്ന ‘പേട്ടറാപ്പി’നായി സംഗീതം ഒരുക്കുന്നത് ഡി. ഇമ്മൻ ആണ്.

പ്രഭുദേവ തന്റെ ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് താമസം. മുംബൈയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ഹിമാനിയാണ് താരത്തിന്റെ ഭാര്യ. മഞ്ജു വാര്യർ ചിത്രമായ ‘ആയിഷ’യിലെ നൃത്തം കൊറിയോഗ്രാഫ് ചെയ്താണ് പ്രഭുദേവ അവസാനമായി മലയാളത്തിലെത്തിയത്.