ലോകചരിത്രത്തിൽ ഒരേ ഒരാൾക്ക് മാത്രമേ അത് സാധിച്ചിട്ടുള്ളൂ, അത് മമ്മൂക്ക എന്ന നടനാണ്- പ്രശാന്ത് അലക്‌സാണ്ടർ

മമ്മൂട്ടിയുടെ‘സി.ബി.ഐ 5 ദി ബ്രെയിൻ എന്ന ചിത്രം പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിരവധി താരങ്ങൾ അണി നിരക്കുന്ന സിനിമയിൽ നടൻ പ്രശാന്ത് അലക്‌സാണ്ടറും പ്രധാനവേഷത്തിൽ സിനിമയിലെത്തുന്നുണ്ട്. സി.ബി.ഐ 5 ൽ എത്തിയതിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും തുറന്നു പറയുകയാണ് പ്രശാന്ത് അലക്‌സാണ്ടർ.

വാക്കുകൾ,

ഞാൻ കുട്ടിയായിരുന്ന സമയത്ത് ആദ്യമായി സി.ബി.ഐ എന്ന വാക്ക് കേൾക്കുന്നത് ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ എന്ന സിനിമയിലാണ്. അന്ന് എന്റെ വിചാരം സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന് പറയുന്നത് ഒരാളുടെ പേരായിരിക്കുമെന്നാണ്. പിന്നെയാണ് അത് ഡയറിയാണെന്നും ഡയറിയിലെ നോട്ട്‌സ് ആണെന്നും അത് സി.ബി.ഐയുടെ നോട്ടാണെന്നുമൊക്കെ മനസിലാകുന്നത്.

ലോകചരിത്രത്തിൽ ഒരേയൊരു നടന് മാത്രമാണ് ഈ പറയുന്ന ഒന്നാം ഭാഗത്തിലെപ്പോലെ തന്നെ 30 വർഷങ്ങൾക്ക് ശേഷം അഞ്ചാംഭാഗത്തിലും ഒരു ഇടിവും പറ്റാത്ത രീതിയിൽ നിൽക്കാൻ പറ്റുന്നത്. ലോകചരിത്രത്തിൽ ഒരേ ഒരാൾക്ക് മാത്രമേ അത് സാധിച്ചിട്ടുള്ളൂ. അത് മമ്മൂക്ക എന്ന നടന് മാത്രമാണ്.

സേതുരാമയ്യർ എന്ന കഥാപാത്രത്തിന് ഒപ്പം ആ അന്വേഷണത്തിൽ അസിസ്റ്റന്റായി നിൽക്കാൻ പറ്റുക എന്ന് പറയുന്നത് എന്റെ പോസിറ്റീവായ വിധിയാണ്. നമ്മൾ കണ്ട് വളർന്ന കഥാപാത്രത്തിനൊപ്പം വർഷങ്ങൾക്കിപ്പുറം നമ്മൾ നിൽക്കുകയാണ്. ഇതിന്റെ മൂന്നാം ഭാഗം തൊട്ട്, അതായത് സേതുരാമയ്യർ സി.ബി.ഐയും നേരറിയാൻ സി.ബി.ഐയും ഷൂട്ട് ചെയ്യുമ്പോൾ ഞാൻ സിനിമയിൽ അവസരം ചോദിച്ചുനടക്കുകയാണ്.

അതിൽ ഏതെങ്കിലും ഒരു ഭാഗത്തിൽ ഏതെങ്കിലും ഒരു ചെറിയ വേഷം ചെയ്തിരുന്നെങ്കിൽ പോലും ഇന്ന് ഈ ഭാഗ്യം എനിക്ക് കിട്ടില്ല. അന്നത് കിട്ടാതിരുന്നപ്പോൾ ചിലപ്പോൾ വിഷമം ഉണ്ടായിട്ടുണ്ടാകും. പക്ഷേ ഇന്ന് ചിന്തിക്കുമ്പോൾ അത് ഇതിന് വേണ്ടിയിട്ടായിരുന്നു എന്ന ഫിലോസഫിയും കൂടി കാണാം, പ്രശാന്ത് അലക്‌സാണ്ടർ പറഞ്ഞു.