എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും, നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യൂ, വസ്ത്രധാരണത്തെ ചൊല്ലിയുള്ള കമന്റിന് റിമ കല്ലിങ്കലിന്റെ മറുപടി

വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. ഇത്തരം കാര്യങ്ങള്‍ മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും താന്‍ അത്തരം അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്നും റിമ ഒരു മാധ്യമത്തോട് പറഞ്ഞു. ഇതിനൊന്നും മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല. ഞാന്‍ അവരെ ചെറുതായി കാണുകയല്ല, ഇന്നത്തെ കുട്ടികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഇത്തരം നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും എനിക്ക് സമയമില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നാണ്‍ ഞാന്‍ കരുതുന്നതെന്നും റിമ പറഞ്ഞു.

റിമ കല്ലിങ്കല്‍ പറഞ്ഞത്, ഞാന്‍ അതൊന്നും ഗൗനിക്കുന്നു പോലുമില്ല. അതിന് വേണ്ടിയിരുന്ന് പ്രതികരിക്കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല. കുട്ടികള്‍ക്ക് പോലും ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം സില്ലി കാര്യങ്ങളില്‍ അല്ല എന്റെ താല്‍പര്യങ്ങളും. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യൂ.

അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്എഫ്കെ വേദിയില്‍ മിനി സ്‌കേര്‍ട്ട് ധരിച്ചെത്തിയ റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപങ്ങള്‍ക്ക് വിധേയയായി. സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചാണ് റിമ ആര്‍ഐഎഫ്എഫ്കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് താഴെയാണ് ചിലര്‍ അശ്ലീല കമന്റുകളുമായി എത്തിയത്. ‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ വന്നപ്പോള്‍ ധരിച്ച വസ്ത്രം കണ്ടോ?’ എന്നിങ്ങനെയെല്ലാം പ്രതികരണങ്ങളുണ്ടായി. കടുത്ത അധിക്ഷേപങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരെ വന്നിരുന്നു.