ഡൽഹി – ഭോപ്പാൽ റൂട്ടിൽ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശിൽ ആദ്യ വന്ദേഭാരത് ട്രെയിനെത്തി

ന്യൂഡൽഹി . വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം രാജ്യത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹി – ഭോപ്പാൽ റൂട്ടിലും വന്ദേ ഭാരത് എക്സ്പ്രസ്സ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. റാണി കമലപതി റെയിൽവേ സ്റ്റേഷനിൽ രാജ്യത്തെ 11-ാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാന മന്ത്രി നരേന്ദ്രമോദി നിർവഹിച്ചിരിക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.

മധ്യപ്രദേശിലെ ആദ്യ വന്ദേഭാരത് ട്രെയിനാണ് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ടത്. രാവിലെ 5:55 ന് ഭോപ്പാലിലെ റാണി കമലപതി സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.45ന് ഡൽഹിയിലെത്തും. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 2:45ന് പുറപ്പെട്ട് രാത്രി 10:35ന് റാണി കമലപതി റെയിൽവേ സ്റ്റേഷനിൽ മടങ്ങിയെത്തും. 7 മണിക്കൂറും 50 മിനിറ്റാണ് ആകെ യാത്രാ സമയം. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 3 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ ഇത് എത്തുമെന്നാണ് പ്രത്യേകത. ശനിയാഴ്ച ഒഴികെയുള്ള ആറ് ദിവസവും ഈ ട്രെയിൻ സർവീസ് ഉണ്ടാവും.

ട്രെയിനിന്റെ പ്രാരംഭ വേഗത മണിക്കൂറിൽ 90 കിലോമീറ്ററായിരിക്കും. വന്ദേ ഭാരത് ട്രെയിനിന്റെ പരമാവധി വേഗത കിലോമീറ്ററിൽ 160-180 കിലോമീറ്ററാണ്. റെയിൽവേ ട്രാക്കിന്റെ വ്യത്യസ്ത സാഹചര്യങ്ങൾ കാരണം, തുടക്കത്തിൽ ഇത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കോച്ചുകളാണ് വന്ദേ ഭാരത്തിന്റെ പ്രത്യേകത. നിസാമുദ്ദീനിൽ നിന്ന് (ഡൽഹി) റാണി കംലാപതി റെയിൽവേ സ്റ്റേഷനിലേക്ക് (ഭോപ്പാൽ) എസി ചെയർ കാറിന് പോകണമെങ്കിൽ 1665 രൂപയാണ് ചെലവ് വരുക. എക്‌സിക്യൂട്ടീവ് എസി ചെയർ കാറിന് ഇതേ ദൂരത്തിന് 3120 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.