വൻകിട ഖനന പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ട, കേന്ദ്ര സർക്കാർ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി: ഇ.ഐ.എ വിജ്ഞാപനത്തിന് കീഴിലുള്ള വൻഖനന പദ്ധതികൾക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. 2006ലെ എൻവയോൺമെന്‍റ് ഇംപാക്ട് അസസ്‌മെന്‍റ് (ഇ.ഐ.എ) വിജ്ഞാപനത്തിന് കീഴിലുള്ള ഖനന പദ്ധതികൾക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന 2021 ജൂലൈയിലെയും 2022 ജനുവരിയിലെയും രണ്ട് കേന്ദ്ര സർക്കാർ ഉത്തരവുകളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

വിഷയത്തിൽ നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കോടതി നോട്ടീസ് അയച്ചു.
വനശക്തി എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‍റെ നടപടി.

പാരിസ്ഥിതിക അനുമതി നൽകുന്നതിന് സമ്മർദം ചെലുത്തുന്നതും മുൻകൂർ പാരിസ്ഥിതിക അനുമതി നൽകണമെന്ന് നിഷ്കര്‍ഷിക്കുന്നതുമായ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. 2021 ജൂലൈയിലെ ഉത്തരവിന് വിരുദ്ധമായ പദ്ധതികൾക്ക് അനുമതി നൽകിയതായി കോടതിയിൽ വനശക്തിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി.