പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

പൃഥ്വിരാജിന് കേന്ദ്രസര്‍ക്കാരിന്റെ കൈയ്യടി. 2019-ല്‍ 9 എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചലച്ചിത്ര നിര്‍മാണ മേഖലയിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് കുരുതി, ജനഗണ മന, കുമാരി, ഗോള്‍ഡ്, സെല്‍ഫി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഡ്രൈവിങ് ലൈസന്‍സ്, കടുവ മുതലായ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിച്ചു.

പൃഥ്വിരാജിന് കേന്ദ്രസര്‍ക്കാരിന്റെ കൈയ്യടി ലഭിച്ചതായാണ് പുതിയ വാര്‍ത്ത. കാരണം എന്താണെന്നോ… ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനെ തേടിയെത്തിയത്.സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം നിര്‍മാണക്കമ്പനി ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മറയൂരില്‍വച്ചാണ് പൃഥ്വിരാജിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനി ടെയാണു കാലിന്റെ ലിഗമെന്റിനുപരു ക്കേല്‍ക്കുകയായിരുന്നു. ചിത്രീകരണത്തി നിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായി രുന്ന പൃഥ്വിരാജ് ഡിസ്ചാര്‍ജ് ആയിരുന്നു.

വലതുകാല്‍മുട്ടിന് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്ഷോര്‍ ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്സ് ആന്‍ഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് സര്‍ജറിക്ക് വിധേയമാക്കിയത്.
കാര്‍ട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്‌കസ് റിപ്പയര്‍ എന്നിവയ്ക്ക് ശേഷം പൃഥ്വിരാജ് ഫിസിയോതെറാപ്പിക്ക് വിധേയനായി. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വര്‍ഗീസ് വ്യക്തമാക്കിയതായി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു പൃഥ്വി. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തല്‍ക്കാലം നീട്ടിവച്ചു. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയില്‍’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. ഇതിനു പുറമെ പൃഥ്വിരാജുമായി ബന്ധപ്പെട്ട പല സിനിമകളുടെയും പ്രി പ്രൊഡക്ഷന്‍ ജോലികളും നിലവിലെ സാഹചര്യത്തില്‍ നീട്ടിവയ്‌ക്കേണ്ടിവരും.

ജി. ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരില്‍ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തില്‍ നായിക. ചന്ദന മോഷ്ട്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് വിലായത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനു മായിരുന്ന ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിന്‍ദാസ് ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രം. രജനികാന്തിന്റെ പേട്ട, വിജയ് നായകനായ ബിഗില്‍, 83, കെ.ജി.എഫ്, കാന്താര, ധൂമം തുടങ്ങിയ ചിത്രങ്ങള്‍ വിതരണം ചെയ്തതും ഇതേ കമ്പനി തന്നെയാണ്.