” നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ” : വിജയ് ബാബു

സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഇന്നലെ രാത്രി അന്തരിച്ചു. ഷാനവാസിന്‍റെ വിയോഗത്തില്‍ സങ്കടം പങ്കുവച്ച്‌ വിജയ് ബാബു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സങ്കടം പങ്കുവച്ചത്. “ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച്‌ അവന്‍ പോയി…. നമ്മുടെ സൂഫി.. നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ, ഒരുപാട് സ്നേഹം”, വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

ഷാനവാസിന്‍റെ അവസാന ചിത്രം നിര്‍മിച്ചത് വിജയ് ബാബുവായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കോയമ്ബത്തൂരില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അന്തരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. റോഡ് മാര്‍ഗമാണ് അദ്ദേഹത്തെ കൊച്ചിയില്‍ എത്തിച്ചത്.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ് 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‍കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ ചിത്രത്തിന്‍റെ രചനയുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അദ്ദേഹം.