ബജറ്റിനെതിരെ പ്രതിഷേധം; കൊച്ചി ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ഉയർന്നു

കൊച്ചി. വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇന്ധന നികുതി ഉൾപ്പെടെ വർദ്ധിപ്പിച്ചതിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ബജറ്റിനെതിരേ പ്രതിഷേധവുമായി സംസ്ഥാനത്ത് പലയിടത്തും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ തെരുവിലിറങ്ങിയിട്ടുണ്ട്. പലഭാഗത്തും മന്ത്രിമാരെ വഴിതടഞ്ഞു.

കൊച്ചി ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ഉയർന്നു. കരിങ്കൊടിയുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ച നടത്തി. ബജറ്റ് നിർദേശങ്ങൾക്കെതിരേയുള്ള വിമർശനങ്ങൾ ചർച്ചചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുൻപ് എംവി ഗോവിന്ദൻ പ്രതികരിച്ചു.

കേന്ദ്രം കേരളത്തെ വീർപ്പുമുട്ടിക്കുന്നു. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ പണം കേന്ദ്രം നൽകുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റിൽ സിപിഎമ്മിനുള്ളിൽ തന്നെ വ്യത്യസ്താഭിപ്രായം ഉള്ളതായും സൂചനയുണ്ട്. ബജറ്റിൽ പ്രതിപക്ഷം മന്ത്രിമാർക്കെതിരേ കരിങ്കൊടി കാണിക്കലുൾപ്പെടെയുള്ള പ്രതിഷേധപ്രകടനങ്ങൾ ആരംഭിച്ചതോടെ സർക്കാർ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.