കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട;പ്രോട്ടോകോളില്‍ മാറ്റം

തിരുവനന്തപുരം: ഇനി മുതല്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവവര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ട.ഇത്തരത്തിലുള്ള ക്വാറന്റൈന്‍ സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി മുതല്‍ 14ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയാവും.
അതേസമയം സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന ആള്‍ക്കാര്‍ പുതിയ പ്രോട്ടോകോള്ഡ പ്രകാരം അടുത്ത 14 ദിവസത്തേക്ക് ആള്‍ക്കൂട്ടം, പൊതുപരിപാടികള്‍, യാത്രകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞു നിന്നാല്‍ മതിയാകും.

സമ്പര്‍ക്കപ്പട്ടികയിലെ ലോ റിസ്‌ക് കാറ്റഗറിക്കാരെ കൂടാതെ സെക്കന്‍ഡറി കോണ്ടാക്ടില്‍ വന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.അതേസമയം സാമൂഹിക അകലം പാലിക്കുകയും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കുകയും വേണം.സംസ്ഥാനതത്തിന് പുറത്തു നിന്നും വരുന്നവര്‍ക്കെല്ലാം 28 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ തീരുമാനവും മാറ്റിയിരിക്കുകയാണ്. ഇനി കേരളത്തിലേക്ക് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പാലിച്ചാല്‍ മാത്രം മതിയാവും. ചുരുങ്ങിയ ദിവസത്തെ അവധിക്ക് കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന ലക്ഷക്കണക്കിന് മറുനാടന്‍ മലയാളികള്‍ക്കാണ് ഈ തീരുമാനം ഗുണം ചെയ്യുക