രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവന; ഒരുകോടി രൂപ നഷ്ടപരിഹാരം വേണം, എം.വി ഗോവിന്ദന് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ്.

യഥാർഥ വിവരങ്ങൾ കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തിൽ തെറ്റിദ്ധരിപ്പിക്കാനാണ് എം.വി.ഗോവിന്ദൻ ശ്രമിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ഇതു മാനഹാനിയുണ്ടാക്കി. വാർത്താ സമ്മേളനം വിളിച്ച് ഗോവിന്ദൻ മാപ്പു പറയണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യത്തിനായി ഡിസ്ചാർജ് സർട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും രാഹുൽ ഹാജരാക്കിയിരുന്നു. കോടതി നിർദേശ പ്രകാരം പിന്നീട് വീണ്ടും ജനറൽ ആശുപത്രിയിൽ പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. മെഡിക്കലി ഫിറ്റാണെന്ന റിപ്പോർട്ട് പ്രകാരം രാഹുലിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിനെതിരെ സിപിഎം രംഗത്തുവന്നത്.