മേതിൽ ദേവികയുടെ മുൻഭർത്താവ് ഞാനല്ല, അവരുമായി തനിക്ക് യാതൊരു ബന്ധവുമില്ല- രാജീവ് ​ഗോവിന്ദൻ

മേതിൽ ദേവികയും -മുകേഷും തമ്മിലുള്ള വിവാഹമോചന ചർച്ചകളിലേക്ക് തന്നെ വലിച്ചിഴയ്ക്കപ്പെടുന്നുവെന്ന് നിർമാതാവും എഴുത്തുകാരനുമായ രാജീവ് ഗോവിന്ദൻ. മേതിൽ ദേവികയുടെ മുൻഭർത്താവ് താനാണെന്ന പേരിൽ വാർത്തകൾ വരുന്നുവെന്നും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്തുവെന്നും രാജീവ് പറയുന്നു. വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടിക്കൊരുന്നുവെന്നും രാജീവ് ഗോവിന്ദൻ ഫേസ്ബുക്കിൽകുറിച്ചു. സച്ചി-പൃഥ്വി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അനാർക്കലിയുടെ നിർമാതാവാണ് രാജീവ്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയൻ നിർമിക്കുന്നതും രാജീവാണ്.

രാജീവ് ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ആ രാജീവ് നായർ ഞാനല്ല…മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ‘ലൗവ് റീൽസ്’ എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല. വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.