കൊട്ടിയൂര്‍ പീഡനക്കേസ്; മുന്‍ വൈദികന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കും

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇളവ് നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതിയെ അറിയിക്കും. സര്‍ക്കാരിനുവേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ ഹാജരാകുമെന്നാണ് സൂചന.

ഇരയെ വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്നാണ് റോബിന്‍ വടക്കുംചേരിയുടെ ആവശ്യം. റോബിനെ വിവാഹം കഴിക്കണമെന്നും, നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്ബോള്‍ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ഇരയും ഹര്‍ജി നല്‍കിയിരുന്നു. ഇരയുടെ ആവശ്യത്തില്‍ കോടതി തീരുമാനത്തെ അംഗീകരിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.

റോബിന്‍ വടക്കുംചേരിയുടെയും ഇരയുടെയും വിവാഹത്തിന് സുപ്രീം കോടതി അനുമതി നല്‍കിയാല്‍ ജയിലില്‍ വച്ച്‌ വിവാഹം നടക്കട്ടെ എന്ന നിലപാടാകും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുക. 2016ല്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വികാരിയായിരിക്കെയാണ് റോബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.