മാനസയുടെ കൊലപാതകം : രഖിലിന്റെ സുഹൃത്ത് ആദിത്യനും അറസ്റ്റില്‍

കോതമംഗലം : നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയകേസില്‍ രഖിലിന്റെ സുഹൃത്ത് ആദിത്യനും അറസ്റ്റില്‍. ബിഹാറില്‍ നിന്ന് തോക്കു വാങ്ങുന്നതിന് രഖിലിന് ആദിത്യന്‍ സഹായം ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദിത്യനെ തെളിവ് എടുക്കുന്നതിനു വേണ്ടി അന്വേഷണസംഘം ബീഹാറിലേക്ക് കൊണ്ടുപോയി

കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസ വെടിയേറ്റ് മരിച്ച കേസില്‍ നിര്‍ണായക അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. മനസയെ കൊലപ്പെടുത്തുന്നതിന് രഖില്‍ തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്നായിരുന്നു. ആദിത്യനും ഒപ്പമായിരുന്നു രഖിലിന്റെ യാത്ര. ആദ്യഘട്ടത്തില്‍ പോലീസ് മൊഴിയെടുത്തപ്പോള്‍ തോക്ക് ലഭിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നായിരുന്നു ആദിത്യന്‍ നല്‍കിയ മൊഴി. പിന്നീട് രഖിലിന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് ആദിത്യന്റെ പങ്കു പുറത്തുവന്നത്.

തോക്ക് വാങ്ങുന്നതിന് ഇരുവരും ബീഹാറില്‍ പോയതിന്റെ ചിത്രങ്ങളും ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തോക്കു വാങ്ങുന്നതിന് രഖിലിന് ആദിത്യത്തിന്റെ സഹായം ലഭിച്ചുവെന്ന് പോലീസ് ഉറപ്പിച്ചത്. തുടര്‍ന്ന് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ ആദിത്യനുമായി തെളിവെടുപ്പിനായി അന്വേഷണസംഘം ബീഹാറിലേക്ക് തിരിച്ചു. നാളെ ബിഹാറില്‍ സംഘം തെളിവെടുപ്പ് നടത്തും. ഇവര്‍ തോക്കു വാങ്ങിയ സ്ഥലത്ത് ഉള്‍പ്പെടെ കൊണ്ടുപോയി തെളിവെടുക്കും. മാനസയുടെ കൊലപാതകത്തില്‍ തോക്ക് നല്‍കിയ രണ്ടുപേരെയാണ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബിഹാര്‍ സ്വദേശികളായ സോനുകുമാര്‍ യാദവിനെയും മനീഷിനെയും ബീഹാറില്‍ എത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. ബിഹാറില്‍ വെച്ച്‌ രഖിലിന് ഇരുവരും തോക്ക് ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കിയിരുന്നു. കോതമംഗലം എസ് ഐ മാഹിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് അന്വേഷണസംഘത്തിന് പുരസ്‌കാരവും നല്‍കിയിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥിയായ മാനസയെ ആഴ്ചകള്‍ നീണ്ടുനിന്ന ആസൂത്രണത്തിന് ശേഷമായിരുന്നു രഖില്‍ കൊലപ്പെടുത്തിയത്. ഇതിനായി മാനസ പഠിച്ചിരുന്ന കോളേജിന് അടുത്ത് തന്നെയാണ് രഖില്‍ മുറി വാടകയ്ക്ക് എടുത്തിരുന്നത്. കോളേജില്‍നിന്ന് മാനസ മടങ്ങുന്നത് രഖിലിന് മുറിയിലിരുന്ന് തന്നെ കാണാമായിരുന്നു. രഖിലും മാനസയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. മാനസയെ രഖില്‍ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 30നായിരുന്നു രഖില്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

ആദിത്യനു ഒപ്പമാണ് രഖില്‍ തോക്ക് വാങ്ങുന്നതിനായി ബീഹാറിലേക്ക് പോയത്. അറസ്റ്റിലായ ആദിത്യനെ തെളിവ് എടുക്കുന്നതിനു വേണ്ടി പോലീസ് ബീഹാറിലേക്ക് കൊണ്ടുപോയി. നാളെ തോക്കു വാങ്ങിയ സ്ഥലത്തെത്തിച്ച്‌ അന്വേഷണസംഘം തെളിവെടുക്കും. രഖിലിന് തോക്ക് നല്‍കിയ രണ്ട് ബീഹാര്‍ സ്വദേശികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മാനസയെ കഴിഞ്ഞ ജൂലൈ 30നായിരുന്നു രഖില്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.