ജലീല്‍ നടത്തിയത് മുഴുവന്‍ നാടകമാണ്, രാജിവെച്ച ശേഷം പറയുന്ന ധാര്‍മ്മികത നീതിയോടുള്ള ഭയംകൊണ്ടാണെന്ന് ചെന്നിത്തല

കെടി ജലീല്‍ നടത്തിയത് മുഴുവന്‍ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജിവെച്ച ശേഷം പറയുന്ന ധാര്‍മ്മികത എന്നത് നീതിയോടുള്ള ഭയംകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കോടതിയില്‍ പോയാല്‍ തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് രാജി വെച്ചത്. ആദ്യം അത് തുറന്നു സമ്മതിക്കുകയാണ് ജലീല്‍ ചെയ്യേണ്ടത്. നാലു ദിവസം രാജി താമസിപ്പിച്ചതെന്തിനാണെന്ന് ചോദിച്ച ചെന്നിത്തല ഇത്രയും ദിവസം ധാര്‍മ്മികത കാശിക്കു പോയിരുന്നോ എന്നും പരിഹസിച്ചു.

ഈ സര്‍ക്കാരിന്റെ കൂടി ശുപാര്‍ശയനുസരിച്ചാണ് ലോകായുക്തയെ തീരുമാനിച്ചത്. സംസ്ഥാന ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവായ താനും ചേര്‍ന്നാണ് ലോകായുക്തയെ നിയമിച്ചത്. അതിനാല്‍ ലോകയുക്തയെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിനും മുഖ്യ മന്ത്രിക്കും സി.പി.എമ്മിനും യാതൊരു അവകാശവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ വാതിലുകളും അടഞ്ഞതുകൊണ്ടാണ് ജലീലിന് രാജിവെയ്ക്കേണ്ടിവന്നത്. ധാര്‍മ്മികത എന്ന വാക്ക് പറഞ്ഞുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജലീലും സി.പി.എമ്മും ശ്രമിക്കേണ്ട. ചട്ടപ്രകാരം വിശദമായ അന്വേഷണം നടത്തി ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ വിധിയെന്നും ചെന്നിത്തല വിശദമാക്കി.