സ്വന്തമായി ഒരു ജോലിയും, വരുമാനവുമൊക്കെ നേടിയിട്ടാവാം പെൺകുട്ടികളുടെയും കല്യാണം, റാണി നൗഷാദിന്റെ കുറിപ്പ്

പെൺകുട്ടികളുടെ വിവാഹത്തെ സംബന്ധിച്ച് റാണി നൗഷാദ് എന്ന അമ്മ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പഠിച്ച് ഒരു ജോലിയും സാമ്പത്തിക ഭദ്രതയും നേടിയിട്ടി മതി പെൺകുട്ടികളുടെ വിവാഹമെന്നാണ് റാണി പറയുന്നത്. ആൺകുട്ടികൾ മാത്രം സാമ്പത്തിക ഭദ്രത നേടിയാൽപ്പോരല്ലോ, അവരെപ്പോലെത്തന്നെ ഉറക്കമിളച്ചും,എൻട്രൻസ് എക്സാമുകൾക്കായി വെന്തുപൊള്ളിയും ജയിച്ചു കയറിയവരല്ലേ പെൺകുട്ടികളും, അപ്പോൾ അവരും സ്വന്തമായി ഒരു ജോലിയും, വരുമാനവുമൊക്കെ നേടിയിട്ടാവാം കല്യാണമെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ന് ഞാൻ അവളോട് പറഞ്ഞു നീ എങ്ങനെയാണോ അങ്ങനെ തന്നെയിരിയ്ക്കാൻ. നിന്റെ സ്വപ്‌നങ്ങൾ, നിന്റെ ചിന്തകൾ, നിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ ഒക്കെയും നിന്റേതു മാത്രമാണ്…..നിന്റെ കാഴ്ച്ച മറയുന്നിടത്ത് ലോകം അവസാനിക്കുകയല്ല മറിച്ച് അതിനുമപ്പുറവും നീ കാണാത്ത, നീയറിയാത്ത വിശാലമായൊരു ലോകവും അവിടെ കുറേ മനുഷ്യരുമുണ്ടെന്നു ചിന്തിക്കണം….
ഇന്ന് അവൾക്കുവേണ്ടി ഒരു പ്രൊപോസൽ വന്നു….എന്നാൽ വന്നവരോട് അവളുടെ വാപ്പി പറഞ്ഞു, ഇപ്പോൾ അവളെക്കെട്ടിയ്ക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. കാരണം അവൾക്ക്,സ്വന്തം കാലിൽ നിൽക്കാൻ ഉള്ള പ്രാപ്തിയായിട്ടില്ല.

ആൺകുട്ടികൾ മാത്രം സാമ്പത്തിക ഭദ്രത നേടിയാൽപ്പോരല്ലോ, അവരെപ്പോലെത്തന്നെ ഉറക്കമിളച്ചും,എൻട്രൻസ് എക്സാമുകൾക്കായി വെന്തുപൊള്ളിയും ജയിച്ചു കയറിയവരല്ലേ പെൺകുട്ടികളും, അപ്പോൾ അവരും സ്വന്തമായി ഒരു ജോലിയും, വരുമാനവുമൊക്കെ നേടിയിട്ടാവാം കല്യാണം….ഒരമ്മ എന്ന നിലയിൽ എനിക്ക് വളരെയധികം സന്തോഷം തോന്നിയ വാക്കുകൾ ആയിരുന്നു അത്‌….അവളെ ഒരു വ്യക്തിയായി പരിഗണിക്കുകയും ആ രീതിയിൽ അവൾക്ക് അവളുടേതായ ഒരു സ്‌പേസ് നൽകുകയും ചെയ്തത് വലിയൊരു കാര്യമാണ് …അതിലൂടെ അവളുടെ ഇഷ്ടങ്ങൾ, സങ്കൽപ്പങ്ങൾ, തന്റെ പാർട്ണർ എങ്ങനെ ആയിരിക്കണം എന്നുള്ള സ്വന്തം കാഴ്ച്ചപ്പാടുകൾ ഇതെല്ലാം ഷെയർ ചെയ്യാനുള്ള ഒരവസരം മാതാപിതാക്കൾ തന്നെ ഉണ്ടാക്കികൊടുക്കുകയാണ്…ഒരു പക്ഷേ അവളുടെ വീക്ഷണങ്ങളിൽ തെറ്റുകൾ കണ്ടേക്കാം. അതവളുടെ പ്രായത്തിന്റെ പക്വതഇല്ലായ്മ ആകാം. അതു പേരെന്റ്സ് കറക്റ്റ് ചെയ്താൽ മതിയാവും…വിവാഹം എന്നത് ജീവിതത്തിന്റെ അവസാനവാക്കല്ല….എന്നാൽ നേടാൻ കഴിയുമെന്നുറപ്പുള്ള പല സ്വപ്‌നങ്ങളേയും വഴിയിൽ ഉപേക്ഷിച്ചു കളയുന്നതിന്റെ പേരായി വിവാഹം മാറരുത്….

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ എക്കാലത്തെയും ടെൻഷൻ ആണ് അവരുടെ വിവാഹം. എന്തുകൊണ്ടോ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന അത്തരം ഒരു ചിന്തയിൽ ഓരോ ദിവസവും മാറ്റങ്ങളുണ്ടാക്കിയത് എന്റെ മകൾ തന്നെയാണ്….ഒരു സയന്റിസ്റ് എന്ന മോഹങ്ങളിലേയ്ക്കുള്ള അവളുടെ യാത്രയിൽ തളരാതെ തണൽ പകരാനും,ഒരിയ്ക്കലും തിരിച്ചുപിടിക്കാൻ പറ്റാത്തവണ്ണം ഊർന്നു വീണേക്കുമെന്ന് തോന്നുന്നിടങ്ങളിൽ അവളുടെ സ്വപ്നങ്ങളെ മാറോടടുക്കിപിടിച്ചുകൊണ്ട് അവൾക്കൊരു താങ്ങായി ഉയരങ്ങളിൽ എത്തിക്കാനും നമുക്കല്ലാതെ ആർക്കാണാവുക.
അതെ വിവാഹമല്ല അവസാന വാക്ക്….ജീവിതത്തിലെ ഏത് കഠിനമായ കാലത്തേയും മറികടക്കാനുള്ള ആർജ്ജവമാണ് ആദ്യം വേണ്ടത്….വിവിധങ്ങളായ പെൺസ്വപ്‌നങ്ങളെ പരിധിവയ്ക്കാതെ പറക്കാൻ പഠിപ്പിക്കുക.പിന്നെ മതി വിവാഹം…..!!!