ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരിടേണ്ടി വന്ന വലിയ പ്രയാസം, തുറന്ന് പറഞ്ഞ് രഞ്ജിനി

മലയാളസിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. അത്തരത്തില്‍ ഇരുവരും ഒരുമിച്ച സിനിമയായിരുന്നു ചിത്രം. മലയാള സിനിമയിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ് ചിത്രം. ഈ സിനിമയില്‍ നായികയായി എത്തിയത് നടി രഞ്ജിനി ആയിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന സമയം തനിക്ക് നേരിടേണ്ടി വന്ന വലിയൊരു ബുദ്ധിമുട്ടിനെ കുറിച്ചും ആ സമയം സഹായിയായി നിന്ന വ്യക്തിയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി.

നടി രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ചിത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഭാഷ വലിയ പ്രശ്‌നമായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ എനിക്ക് വേണ്ടി കുറെയധികം ബുദ്ധിമുട്ടി. പ്രിയന്‍ സാര്‍ എന്നോട് പറഞ്ഞത് വെറുതെ ‘സരിഗമ’ എന്നൊക്കെ പറഞ്ഞാല്‍ മതിയെന്ന്, എങ്കിലും ഞാന്‍ മലയാളം പഠിക്കാന്‍ കഴിവതും ശ്രമിച്ചു.

അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ വി.ആര്‍ ഗോപാലകൃഷ്ണന്‍ സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു. അതില്‍ ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു. പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു. ആ സിനിമ പോലെ ഞാന്‍ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ല’. രഞ്ജിനി പറയുന്നു.