ശരീരം തളര്‍ന്നെങ്കിലും മനസ്സ് തളര്‍ന്നില്ല, രഞ്ജിത്ത് ഏവര്‍ക്കും ഒരു അത്ഭുതമാണ്

വിധിയെ തോല്‍പ്പിച്ച് ജീവിക്കുന്ന പലരും നമുക്ക് ചുറ്റിനുമുണ്ട്.അത്തരം ഒരു കഥയാണ് വെച്ചൂച്ചിറ കൂത്താട്ടുകുളം വടക്കേയില്‍ രഞ്ജിത് സി നായരുടേതും.ആറാം വയസ്സില്‍ രഞ്ജിത്തിന്റെ ശരീരം കഴുത്തിന് താഴേക്ക് തളര്‍ന്ന് പോവുകയായിരുന്നു.എന്നാല്‍ അവിടെ തോറ്റ് കൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.തന്റെ മുറിയില്‍ തനിക്കാവുന്നതൊക്കെ അദ്ദേഹം ചെയ്തു.മുറിയിലെ ഫാനും ലൈറ്റും എസിയും എല്ലാം രഞ്ജിത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കും.നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും പ്രവര്‍ത്തിക്കാന്‍ പറഞ്ഞാല്‍ അതും അനുസരിക്കും.

ആറാം വയസ്സുമുതല്‍ കഴുത്തിന് താഴേക്ക് തളര്‍ന്നതോടെ പരസഹായമില്ലാതെ രഞ്ജിത്തിന് അനങ്ങാന്‍ പോലും സാധിക്കില്ല.ആയുര്‍വേദ ചികിത്സകള്‍ നടത്തിയെങ്കിലും യാതൊരു കാര്യവും ഉണ്ടായില്ല.സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ല.അധ്യാപകനെ വീട്ടിലേക്ക് വരുത്തി അടിസ്ഥാന അറിവുകള്‍ നേടിയെടുത്തു.അതും നിര്‍ത്തി പിന്നീട് സ്വയമേ അറിവുകള്‍ നേടാന്‍ തുടങ്ങി.ഇപ്പോള്‍ എന്തിനെ കുറിച്ച് ചോദിച്ചാലും എല്ലാത്തിനും രഞ്ജിത്തിന്റെ പക്കല്‍ ഉത്തരമുണ്ട്.ഇലക്ട്രോണിക്‌സ്,കംപ്യൂട്ടര്‍,ഗാര്‍ഡനിങ്,ജേണലിസം,ഫോട്ടോഗ്രഫി,യാത്ര,പുരാവസ്തു തുടങ്ങി എല്ലാത്തിനെ കുറിച്ചും ആഴത്തില്‍ രഞ്ജിത്ത് പഠിച്ചു.

വീട്ടില്‍ വാങ്ങിയ റേഡിയോയില്‍ പണിതാണ് രഞ്ജിത്ത് തന്റെ റിപ്പയറിംഗ് ആരംഭിക്കുന്നത്.2014ല്‍ കംപ്യൂട്ടര്‍ വാങ്ങിയപ്പോള്‍ പിന്നീട് ശ്രദ്ധ അതിലേക്കായി.പിന്നാലെ വിവാഹ കാര്‍ഡ് ഡിസൈനിങ്,റിപ്പയറിങ് ഒക്കെ ചെയ്ത് തുടങ്ങി.ഇതിനിടെ വീഡിയോ എഡിറ്റിങ് പഠിച്ചു.പിന്നീട് വിവാഹ വീഡിയോ എഡിറ്റാങ്ങായി ജോലി.ഇതിനിടെ സ്വന്തം മുറിയിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റൊരാളുടെ സഹായം തേടുന്നത് എങ്ങനെ ഒഴിവാക്കാം എന്നായി ചിന്ത.തുടര്‍ന്ന് ഉപകരണങ്ങളില്‍ സെന്‍സര്‍ ഘടിപ്പിച്ചു.തുടര്‍ന്ന് ഇപ്പോള്‍ രഞ്ജിത്ത് എന്ത് പറഞ്ഞാലും ഉപകരണങ്ങള്‍ അതേപടി അനുസരിക്കും.മീഡിയ മേഖലയായിരുന്നു രഞ്ജിത്തിന്റെ സ്വപ്‌നം.2005ല്‍ പ്രാദേശിക ചാനല്‍ ആരംഭിച്ചു.2014ല്‍ ഇതിന് ട്രേഡ് മാര്‍ക്കും നേടി.കൂത്താട്ടുകുളം വടക്കേയില്‍ ചന്ദ്രശേഖരന്‍നായരുടെയും പ്രസന്നയുടെയും മൂത്തമകനാണ്. വിഷ്ണുവും രഞ്ജിനിയും സഹോദരങ്ങളാണ്.