കാപ്പന്റെ കേസു കഴിഞ്ഞാലൊരു ‘കലക്കു കലക്കു ‘മെന്നു റഷീദുദ്ദീന്‍ ആലപ്പറ്റ.

ന്യൂദല്‍ഹി. സിദ്ദിഖ് കാപ്പനു സുപ്രീം കോടതി ജാമ്യം അനുവദിച്ച പിറകെ സാക്ഷികള്‍ക്ക് കാപ്പന്റെ ഉറ്റ സുഹൃത്ത് റഷീദുദ്ദീന്‍ ആലപ്പറ്റയുടെ കൊലവിളി. മീഡിയ വണ്‍ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫായ റഷീദുദ്ദീന്‍, മനോരമ ലേഖകനും മറ്റു രണ്ടു പത്രപ്രവര്‍ത്തകര്‍ക്കും എതിരെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കാപ്പന്റെ കേസു കഴിഞ്ഞാലൊരു ‘കലക്കു കലക്കു ‘മെന്ന ഭീഷണിയോടെ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് റഷീദുദ്ദീന്‍.

മനോരമ ലേഖകനും മറ്റു രണ്ടു പത്രപ്രവര്‍ത്തകരും തനിക്കെതിരെ യു പി പൊലീസിനു വിവരം നല്‍കിയതായി കാപ്പന്‍ ഭാര്യയോടു പറഞ്ഞതായാണു റഷീദിന്റെ വെളിപ്പെടുത്തല്‍. കാപ്പനെ കുടുക്കിയത് പത്രപ്രവര്‍ത്തക യൂണിയനുമായി ഇടഞ്ഞു നില്‍ക്കുന്ന ചിലരാണെന്നും കാപ്പനും മിജിയും (മീഡിയ വണ്‍ ലേഖിക, ഇപ്പോള്‍ മനോരമ ന്യൂസില്‍) കെ.യു.ഡബ്ള്യു.ജെയുടെ ചുമതല ഏല്‍ക്കുന്നതിലൂടെ ആ സംഘടനക്ക് ദല്‍ഹിയില്‍ വരാന്‍ പോകുന്ന മാറ്റം അംഗീകരിക്കപ്പെടാന്‍ പോകുന്നില്ലന്ന് മുന്നറിയിപ്പ് താന്‍ നല്‍കിയിരുന്നതായും റഷീദുദ്ദീന്‍ തന്റെ പോസ്റ്റിൽ അവകാശപ്പെടുന്നു.

മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കല്‍ നിഷേധിക്കാനുള്ള കാരണക്കാരില്‍ ഒരാളാണ് റഷീദുദ്ദീന്‍. കശ്മീര്‍ ഭീകരരുമായി റഷീദുദ്ദീന്‍ നടത്തിയ മീഡിയ വണ്‍ അഭിമുഖ പരമ്പര കശ്മീരിലെ സൈനിക അതിക്രമങ്ങള്‍ക്ക് തെളിവായി പാക്കിസ്ഥാന്‍ യുഎന്നില്‍ സമര്‍പ്പിക്കുകയായിരുന്നു. മീഡിയ വണ്‍ വിട്ട ശേഷം യുട്യൂബ് ചാനല്‍ തുടങ്ങിയ റഷീദുദ്ദീന്‍ ഖത്തര്‍,തുര്‍ക്കി തുടങ്ങി ഭീകര പ്രവര്‍ത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പരിപാടികള്‍ അവതരിപ്പിക്കുകയാണ്. ആയിരം സബ്‌സ്‌ക്രൈബേഴ്‌സ് പോലും തികച്ചില്ലാത്ത യുട്യൂബ് ചാനലില്‍ മാസങ്ങള്‍ വിദേശത്ത് താമസിക്കാന്‍ ഉള്ള വരുമാനം എവിടെ നിന്നാണെന്നതും ദുരൂഹത ഉണ്ടാക്കുന്നു. തുടര്‍ച്ചയയായി സൗദി അറേബ് സന്ദര്‍ശിക്കുന്ന റഷീദുദ്ദീൻ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

റഷീദുദ്ദീന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്:

സിദ്ദീഖ് കാപ്പന്‍ ജാമ്യം നേടി പുറത്തു വരികയാണല്ലോ. കാപ്പനു വേണ്ടി അഹോരാത്രം പണിയെടുത്ത എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈയുള്ളവന്റെ വിനീതമായ അഭിവാദ്യങ്ങള്‍. കാപ്പനെ കുടുക്കിയത് യൂണിയനുമായി ഇടഞ്ഞു നില്‍ക്കുന്ന ചിലരാണെന്ന് അദ്ദേഹത്തിന്റെ അറസ്റ്റിന് തൊട്ടുടനെ പ്രസാധകന്‍ മാസികക്ക് കൊടുത്ത ഒരു ലേഖനത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്. കാലം അത് തെളിയിക്കുകയും ചെയ്തു. ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ദല്‍ഹിയില്‍ ഇല്ലാതിരുന്നതു കൊണ്ട് ധാര്‍മ്മികമായ പിന്തുണ മാത്രമേ ആ പാവം കാപ്പനു വേണ്ടി നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പക്ഷെ മിജിയോട് ചോദിച്ചാലറിയാം, ഈ അപകട സാധ്യതയെ കുറിച്ച് ഞാനവള്‍ക്ക് അന്നേ മുന്നറിയിപ്പ് കൊടുത്തതാണ്. അതായത് നിങ്ങളിരുവരും കെ.യു.ഡബ്ള്യു.ജെയുടെ ചുമതല ഏല്‍ക്കുന്നതിലൂടെ ആ സംഘടനക്ക് ദല്‍ഹിയില്‍ വരാന്‍ പോകുന്ന മാറ്റം അംഗീകരിക്കപ്പെടാന്‍ പോകുന്നില്ല. പല വഴിയിലൂടെയും പണി വരുമെന്നും. ശ്രദ്ധിച്ചു മുന്നോട്ടു പോവണമെന്നും മിജിയോട് പറഞ്ഞിരുന്നു.

സിദ്ദീഖിനെ ദൗര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. കാപ്പനെ ഒറ്റിക്കൊടുത്ത മനോരമയിലെ ഒരു സങ്കി ശിങ്കത്തിന്റെ പേര് കഴിയുന്നിടത്തെല്ലാം പറഞ്ഞിട്ടുണ്ട്. വേറെ രണ്ടെണ്ണത്തെ കുറിച്ചു കൂടി എനിക്കറിയാം. ദല്‍ഹിയില്‍ നിന്നും കാപ്പന്‍ ഹാഥ്റസിലേക്കു പോയ വിവരം ‘വേണ്ടപ്പെട്ടവരെ’ അറിയിച്ചത് ഈ രണ്ട് ഡാഷുകളാണെന്നാണ് സംശയിക്കപ്പെടുന്നത്. മലര്‍ന്നു കിടന്നു തുപ്പുന്ന പണിയായതു കൊണ്ട് ഞാനാ പേരുകള്‍ ചര്‍ച്ചക്ക് വെക്കുന്നില്ല.

കാപ്പന്‍ അഞ്ച് ദിവസത്തെ പരോളില്‍ വന്നപ്പോള്‍ ഭാര്യ റൈഹാനയോടു പറഞ്ഞ ഈ പേരുകള്‍ അവര്‍ മറ്റൊരാള്‍ വഴിയാണ് എന്നെ അറിയിച്ചത്. ദല്‍ഹി പത്രപ്രവര്‍ത്തക ഘടകത്തെ ആ.എസ്.എസ് വിഴുങ്ങിയാലും തരക്കേടില്ല ഇടതുപക്ഷത്തിന്റെ കയ്യില്‍ അതെത്തിപ്പെടരുതെന്ന ദുര്‍വാശിയുമായി നടന്ന ആ മഹാന്‍മാര്‍ നാളെ ഈ ദുര്‍ഗതി അവര്‍ക്ക് വന്നാലും ഇതേ യൂണിയന്‍ തന്നെയേ അവരെ രക്ഷിക്കാനുണ്ടാവൂ എന്ന കാര്യം സൗകര്യപൂര്‍വം മറന്നു. എന്തായാലും അന്തിമവിധി വരട്ടെ… സിദ്ദീഖ് എന്തായിരുന്നു, എന്തല്ലായിരുന്നു എന്നതൊക്കെ കോടതി അംഗീകരിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അതിനു ശേഷമുണ്ട് ഒരു കലക്ക് മോനേ…..