കേരളത്തിലെ റേഷന്‍ കടകള്‍ ‘കെ സ്റ്റോര്‍’ ആക്കുന്നു, ആദ്യഘട്ടത്തില്‍ 108 റേഷന്‍കടകളെ കെ-സ്റ്റോറുകളായി മാറ്റും

തിരുവനന്തപുരം . സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആധുക സൗകര്യങ്ങളോടെ ഉയര്‍ത്തുന്ന കെ സ്റ്റോര്‍ പദ്ധതിക്ക് പതിനാലിന് തുടക്കമാകും. ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതിനോടകം പലര്‍ക്കും സംശയങ്ങള്‍ ഈ പദ്ധതിയെ കുറിച്ച് ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. റേഷന്‍ കടകളില്‍ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ വേണ്ടിയാണ് കെ സ്റ്റോര്‍ പദ്ധതി ആരംഭിക്കുന്നത്. മെയ് 14 മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാവും എന്നാണു സർക്കാർ അറിയിച്ചിരിക്കുന്നത്.

സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്യൂരിലാണ് നിര്‍വഹിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 108 റേഷന്‍ കടകളാണ് കെ സ്റ്റോറുകളായി മാറുന്നത്. നിലവില്‍ 850ഓളം റേഷന്‍ വ്യാപാരികളാണ് ഈ പദ്ധതി നടപ്പാക്കാനായി സന്നദ്ധരായി എത്തിയിരിക്കുന്നത്.

റേഷന്‍ കടകളില്‍ ഇ-പോസും ത്രാസും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുന്നുണ്ട്. എന്താണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ എന്നറിയുമോ? ബാങ്കിങ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

10000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷന്‍, ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവ കെ സ്റ്റോറുകളില്‍ ലഭിക്കും. അതായത് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ കെ സ്റ്റോറുകള്‍ വഴി ലഭിക്കും.