സ്ഥലം മാറ്റം സ്വാഭാവികം, ബ്രഹ്‌മപുരത്ത് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്‌തെന്ന് ഡോ. രേണുരാജ്‌

കല്‍പ്പറ്റ : ഡോ. രേണുരാജ്‌ വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തവും വിവാദങ്ങള്‍ക്കുമിടെയാണ് രേണുരാജിനെ എറണാകുളത്തു നിന്നും വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടി ഉണ്ടായത്. അതേസമയം ബ്രഹ്‌മപുരത്തെ തീ അണയ്ക്കുന്നതിനായി കളക്ടര്‍ എന്ന നിലയില്‍ സാധിക്കുന്നതെല്ലാം ചെയ്‌തെന്ന് ഡോ. രേണുരാജ് പ്രതികരിച്ചു.

കളക്ടറായി ചുമതലയേറ്റശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വ്യാഴാഴ്ച രാവിലെ കളക്ടറേറ്റിലെത്തിയ രേണു രാജിനെ എഡിഎം എന്‍.ഐ.ഷാജുവും ജീവനക്കാരും ചേര്‍ന്നു സ്വീകരിച്ചു. തന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട രേണുരാജ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്ഥലം മാറ്റം സ്വാഭാവികമാണെന്നാണ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

ഇനി വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കും ശ്രമം. ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാകും മുന്‍ഗണന നല്‍കുക എന്നും രേണുരാജ് പ്രതികരിച്ചു.