അമേരിക്കയിലെ ഖലിസ്ഥാനി നേതാക്കൾക്ക് വധഭീഷണിയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ട്

ന്യൂയോര്‍ക്ക്. യുഎസിലെ ഖലിസ്ഥാനി നേതാക്കള്‍ക്ക് വധഭീഷണിയുള്ളതായി എഫ്ബിഐയുടെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ നിരവധി പേരെ ഫോണില്‍ വിളിക്കുകയും നേരില്‍ കാണുകയും ചെയ്തതായിട്ടാണ് വിവരം. സിഖ് സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെയാണ് എഫ്ബിഐ ബന്ധപ്പെട്ടതെന്ന് സിഖ് ആക്ടിവിസ്റ്റായ പ്രിത്പാല്‍ സിങ് പ്രതികരിച്ചു.

അതേസമയം ഭീഷണി ആരില്‍ നിന്നാണെന്നോ എവിടെ നിന്നാണെന്നോ ഇവര്‍ പറഞ്ഞില്ലെന്നും ജൂണ്‍ അവസാനത്തോടെയാണ് രണ്ട് എഫ്ബിഐ ഏജന്റുമാര്‍ സന്ദര്‍ശിച്ചതെന്നും പ്രിത്പാല്‍ പറയുന്നു. പ്രിത്പാല്‍ യുഎസ് പൗരനാണ്. സമാനമായ സംഭവങ്ങള്‍ ഉണ്ടായതായി മറ്റ് പലരും പറഞ്ഞുവെന്നും ഇയാള്‍ പറയുന്നു.

പുറത്തിവന്ന വിവരത്തോട് എഫ്ബിഐ പ്രതികരിച്ചില്ല. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടായി.