പോക്‌സോ കേസ്; റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളായ ഷൈജു തങ്കച്ഛന്‍, അഞ്ജലി എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാര്‍ തങ്ങളെ ഭീഷണിപെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

2021 ഒക്ടോബര്‍ 20ന് റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. കേസില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

മോഡലുകളുടെ അപകട മരണത്തിന് ശേഷം ചിലര്‍ പ്രത്യേക ലക്ഷ്യത്തോടെ തന്നെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പോക്‌സോ കേസ് വന്നതെന്നും ഇതിനു പിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കൊച്ചിയിലെ നമ്പര്‍.18 ഹോട്ടല്‍ പീഡനക്കേസിലെ പരാതിക്കാരി നേരത്തേ വ്യക്തമാക്കിയിരുന്നു.

ഹോട്ടലുടമ റോയ് വയലാറ്റിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നായിരുന്നു അഞ്ജലിയുടെ ആക്ഷേപം. എന്നാല്‍ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

റോയ് വയലാറ്റിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് പരാതിക്കാരികളായ അമ്മയും മകളും പറയുന്നത്. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് തെറ്റിധരിപ്പിച്ച് തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.