ആര്‍എസ്എസ്‍ റൂട്ട് മാര്‍ച്ചിനെതിരായ തമിഴ്‌നാടിൻറെ ഹര്‍ജി, സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി: സ്വയംസേവക് സംഘ് (ആര്‍എസ്എസ്) റൂട്ട് മാര്‍ച്ച് തമിഴ്‌നാട്ടിൽ നടത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കി ഫെബ്രുവരി പത്തിനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ്, റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കുന്നതിനു തടസ്സമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.
നിരോധിത മുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍എസ്എസ് മാര്‍ച്ചിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് സ്റ്റാലിൻ സർക്കാർ ആര്‍എസ്എസ്‍ റൂട്ട് മാര്‍ച്ചിന് തടയിട്ടത്.

എന്നാൽ ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്തുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഈ ഉത്തരവിനെതിരെ സ്റ്റാലിൻ സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യന്‍, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.