വിജയ് ബാബുവിനെ അമ്മയില്‍ നിലനിര്‍ത്താന്‍ മാറിനില്‍ക്കല്‍ കത്ത്; പിന്നില്‍ സിദ്ദീഖെന്ന് ആരോപണം

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവില്‍ നിന്ന് ‘ഒഴിവാക്കിയ’ നടപടിയില്‍ വിമര്‍ശനവുമായി സിദ്ധീഖ്. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാന്‍ ‘അമ്മ’ ഐസിസിക്ക് എന്ത് അധികാരമുണ്ടെന്നാണ് സംഘടന യോഗത്തില്‍ സിദ്ധീഖ് ചോദിച്ചത്. വിജയ് ബാബുവിന്റെ ‘മാറിനില്‍ക്കല്‍’ കത്തിന് പിന്നില്‍ സിദ്ധീഖാണെന്നും ആരോപണമുണ്ട്.

വിജയ് ബാബുവിനെതിരായ നടപടിയില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തില്‍ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു

അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. അത് താന്‍ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഉണ്ണി മുകുന്ദന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ‘അമ്മ’ ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതോടെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോന്‍ രംഗത്തെത്തി. വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോന്‍ ചൂണ്ടിക്കാട്ടി. വൈകിട്ട് ആറ് മണിക്ക് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് ‘അമ്മ’യ്ക്ക് കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.