ഇന്നലെ ഒരു സച്ചിന്‍ മാത്യു റോയ്, ഇന്ന് ഒരു ദേവനന്ദ, നാളെ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ആയേക്കാം, അഞ്ജു പാര്‍വതി പറയുന്നു

കാസര്‍കോട്: ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ചെറുവത്തൂര്‍ ബസ്റ്റാന്‍ഡ് പരിസരത്തെ ഐഡിയല്‍ കൂള്‍ബാറിലെ കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപത്തെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകള്‍ ഇ.വി.ദേവനന്ദയാണു മരിച്ചത്. ഇതുവരെ ഈ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയവരുടെ എണ്ണം 31 ആയി. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ജു പാര്‍വതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

നമ്മുടെ സ്വന്തമായ ഭക്ഷണ സംസ്‌കാരത്തെ അട്ടിമറിച്ച് അറേബ്യന്‍ ഭക്ഷണ സംസ്‌കാരം രാജാവായി. ഇഡലിയും ദോശയും ഇടിയപ്പവും പാലപ്പവുമൊക്കെ എന്തിന് കേരളത്തിലെ തനത് മുസ്ലീം സംസ്‌കാരം പേറുന്ന പത്തിരി പോലും നമ്മുടെ ഭക്ഷണശീലത്തില്‍നിന്ന് പതിയെ അപ്രത്യക്ഷമാകുന്നു. ചില്ലലമാരകളില്‍ നമ്മെ നോക്കി ചിരിച്ചിരുന്ന നെയ്യപ്പവും പഴംപൊരിയും ഉള്ളി വടയും ഒക്കെ ഷവര്‍മ്മയ്ക്ക് മുന്നില്‍ മുട്ടുമടക്കി അകാല ചരമം പ്രാപിച്ചു.- അഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ജു പാര്‍വതിയുടെ കുറിപ്പ്, ഈ ചിരിക്കുന്ന മുഖം കാണുമ്പോള്‍ കരയുവാനല്ലാതെ ഒന്നും പറയാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ തന്നെ എന്ത് പറയാനാണ്? എന്തെഴുതാനാണ്? ആരെ കുറ്റപ്പെടുത്താനാണ്? അറബിക് ഭക്ഷണ സംസ്‌കാരത്തിന്റെ പിന്നാലെ പായുന്ന ഞാനുള്‍പ്പെടെയുള്ള സമൂഹത്തിന് ആരെ കുറ്റപ്പെടുത്താനാണ് അര്‍ഹത ? തുര്‍ക്കിഷ് ഭക്ഷണമായ ഷവര്‍മ്മ വില്ലനായി മരണപ്പെട്ട ആദ്യത്തെ മലയാളി കുട്ടിയല്ല ദേവനന്ദ. പത്താണ്ടുകള്‍ക്ക് മുമ്പ് തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്നും ഷവര്‍മ്മ കഴിച്ചു മരിച്ച ഒരു ഇരുപത്തൊന്നുകാരന്‍ പയ്യന്റെ മാതാപിതാക്കള്‍ ഇന്നും മകന്റെ മരണത്തിന് നീതി തേടി ഇന്നും നിയമപ്പോരാട്ടത്തിലാണ്.

2012 ജൂലൈ 13ന് ആണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി 21കാരനായ സച്ചിന്‍ മാത്യു മരിച്ചത്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം പൂര്‍ത്തിയാക്കിയ സച്ചിന്‍ ബെംഗളൂരുവില്‍ ഉപരി പഠനത്തിനു ഫീസ് അടയ്ക്കാനും മറ്റുമാണ് തിരുവനന്തപുരത്തു നിന്നു ജൂലൈ10നു രാത്രി യാത്ര തിരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നു വാങ്ങിയ ഷവര്‍മ യാത്രയ്ക്കിടെ കഴിച്ചതിനെ തുടര്‍ന്നു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ബെംഗളൂരുവിലെ മുറിയിലെത്തിയതോടെ അവശനായി മരണം സംഭവിക്കുകയായിരുന്നു. എന്നിട്ടെന്തായി? ആ ഹോട്ടലിനും ഉടമയ്ക്കും എന്ത് സംഭവിച്ചു? ഒന്നുമില്ല! പൂര്‍വ്വാധികം ശക്തിയോടെ ഹലാല്‍ ബോര്‍ഡും തൂക്കി അവര്‍ അറബിക് ഭക്ഷണം വിളമ്പുന്നു !

തലസ്ഥാന നഗരിയില്‍ നിന്നും കുറഞ്ഞ വര്‍ഷങ്ങള്‍ക്കപ്പുറം സമാനമായ സംഭവം കാസര്‍കോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഷവര്‍മ്മയ്ക്ക് മാറ്റം ഒന്നുമില്ല. പക്ഷേ നമ്മള്‍ കൂടുതല്‍ മാറി. കേരളത്തിലെ വൈകുന്നേരങ്ങള്‍ക്ക് ഇപ്പോള്‍ ഒരേ മണമാണ്. മാംസം വെന്തു കരിയുന്ന മണം. ആ മണമില്ലെങ്കില്‍ പിന്നെന്ത് ലൈഫ് എന്ന മട്ടിലേയ്ക്ക് നമ്മള്‍ മാറിയപ്പോള്‍ പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള പാതയോരങ്ങള്‍ക്ക് അറബിക് ഫുഡ് സ്ട്രീറ്റ് എന്ന പുതുനാമം കൈവന്നു. നമ്മുടെ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ‘അറേബ്യന്‍ ഫുഡ്’ എന്ന ഓമനപ്പേരില്‍ ചുട്ട കോഴിയും കുബ്ബൂസ്സും ദംബിരിയാണിയും കുഴിമന്തിയും മാത്രമായി ഭക്ഷ്യവിഭവങ്ങള്‍. നമ്മുടെ സ്വന്തമായ ഭക്ഷണ സംസ്‌കാരത്തെ അട്ടിമറിച്ച് അറേബ്യന്‍ ഭക്ഷണ സംസ്‌കാരം രാജാവായി. ഇഡലിയും ദോശയും ഇടിയപ്പവും പാലപ്പവുമൊക്കെ എന്തിന് കേരളത്തിലെ തനത് മുസ്ലീം സംസ്‌കാരം പേറുന്ന പത്തിരി പോലും നമ്മുടെ ഭക്ഷണശീലത്തില്‍നിന്ന് പതിയെ അപ്രത്യക്ഷമാകുന്നു. ചില്ലലമാരകളില്‍ നമ്മെ നോക്കി ചിരിച്ചിരുന്ന നെയ്യപ്പവും പഴംപൊരിയും ഉള്ളി വടയും ഒക്കെ ഷവര്‍മ്മയ്ക്ക് മുന്നില്‍ മുട്ടുമടക്കി അകാല ചരമം പ്രാപിച്ചു.

ഇന്നലെ ഒരു സച്ചിന്‍ മാത്യു റോയ് ! ഇന്ന് ഒരു ദേവനന്ദ! നാളെ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ആരെങ്കിലും ആയേക്കാം. മരണം സംഭവിക്കുമ്പോള്‍ കുറച്ച് ദിവസത്തേയ്ക്ക് മാത്രം നമ്മള്‍ നല്ല നടപ്പുകാരാകും. ഷവര്‍മ്മയെ തള്ളിപ്പറയും. ഭക്ഷ്യസുരക്ഷയെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും. നിരോധനങ്ങള്‍ ഉണ്ടാവും. പിന്നീട് പതിവുപോലെ നിയന്ത്രണങ്ങളില്‍ നിന്നും ഷവര്‍മ്മയെയും മയോനൈസിനെയും ഒക്കെ അഗ്‌നിശുദ്ധി വരുത്തി മുക്കുമുട്ടെ ശാപ്പിടും. പൊന്നുമോള്‍ക്ക് പ്രണാമം.