യുക്രൈന് ആയുധം നല്‍കിയാല്‍ പണി ഉറപ്പെന്ന് റഷ്യ

റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യുക്രൈനെ സഹായിക്കുന്ന നാറ്റോ രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയാണ് നാറ്റോ രാജ്യങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയത്.

റഷ്യയ്ക്ക് എതിരായി യുദ്ധം ചെയ്യുന്നതിന് ആയുധം നല്‍കുന്നതിനെ ചെറുക്കാനും ആ ശ്രമം തകര്‍ക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും മരിയ സഖറോവ പറഞ്ഞു. ”ഇത് ആത്യന്തികമായി യുക്രൈന്‍ മണ്ണില്‍ രക്തച്ചൊരിച്ചിലിനാണ് ഇടവരുത്തുക. അങ്ങനെ വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നാറ്റോ രാജ്യങ്ങള്‍ക്കായിരിക്കും.”-മരിയ ക്രെംലിനില്‍ പറഞ്ഞു.

റഷ്യന്‍ അധിനിവേശത്തിന് എതിരെ പൊരുതുന്ന യുക്രൈന്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുമെന്ന ബ്രിട്ടീഷ് സായുധ സേനാ മന്ത്രി ജെയിംസ് ഹെപ്പിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപുറകിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ ഭീഷണി.

റഷ്യക്കെതിരെ ആക്രമണം നടത്തുന്നതിന് യുക്രൈനിനെ സഹായിക്കുമെന്നായിരുന്നു ബ്രിട്ടീഷ് മന്ത്രി പറഞ്ഞത്. തങ്ങള്‍ക്ക് അതിനുള്ള ധാര്‍മികമായ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.