യുക്രൈൻ പൗരനെ വെടിവച്ചുകൊന്ന റഷ്യൻ സൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

യുക്രൈൻ പൗരനെ കൊലപ്പെടുത്തിയതിന് റഷ്യൻ സൈനികനെ യുക്രൈൻ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഫെബ്രുവരി 28 ന് വടക്കുകിഴക്കൻ യുക്രേനിയൻ ഗ്രാമമായ ചുപഖിവ്കയിൽ 62 കാരനായ മനുഷ്യനെ വെടിവച്ച് കൊലപ്പെടുത്തിയതിനാണ് 21 കാരനായ ടാങ്ക് കമാൻഡർ വാഡിം ഷിഷിമാരിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. വാഡിം ഷിഷിമാരിൻ കുറ്റം സമ്മതിച്ചിരുന്നു. ഒലെക്‌സാണ്ടർ ഷെലിപോവ് എന്നയാളെയാണ് കമാൻഡ‍ർ വെടിവച്ച് കൊന്നത്.

തിങ്കളാഴ്‌ച, തിങ്ങിനിറഞ്ഞ കോടതിമുറിയിൽ ജഡ്ജി സെർഹി അഹഫോനോവ് വിധി പ്രസ്താവിച്ചു, ചെറിയ മുറിയിൽ പത്തിലേറെ യുക്രൈനിയൻ, വിദേശ ടെലിവിഷൻ മാധ്യമങ്ങൾ നിറഞ്ഞിരുന്നു. ഷിഷിമാരിൻ അന്വേഷണത്തോട് സഹകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും, ഷെലിപോവിനെ വെടിവെച്ചപ്പോൾ കൊല്ലാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന മൊഴി കോടതിക്ക് അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി പറഞ്ഞു.