വന്ദന കേസിലെ പ്രതി സന്ദീപ് ജയിലിലും അക്രമാസക്തൻ; ബഹളം തുടരുന്നു

തിരുവനന്തപുരം: ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ജയിലിലും ബഹളം തുടരുന്നു. ബുധനാഴ്ച വൈകീട്ടാണ് സന്ദീപിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ എത്തിച്ചത്. പ്രതി രാത്രി മുഴുവൻ ബഹളമായിരുന്നുവെന്നാണ് ജയിൽ അധികൃതരുടെ പ്രതികരണം. ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനാൽ സന്ദീപിന്റെ മാനസികാവസ്ഥ ശരിയായ നിലയിലല്ല.

ജയിൽ ഭക്ഷണം നൽകിയ ശേഷമാണ് അതീവ സുരക്ഷാ സെല്ലിലേക്ക് സന്ദീപിനെ കൊണ്ടുപോയത്. ഷുഗറിൻറെ അളവ് കുറവായതിനാൽ മരുന്നും ബ്രെഡും കൊടുത്തു. സുരക്ഷാ സെല്ലുകളിൽ ഒരു സെല്ല് സന്ദീപിനായി മാറ്റിവെച്ചിരിക്കുകയാണ്. പ്രതി അക്രമാസക്തനായതിനാൽ വേറെ സഹതടവുകാരെയൊന്നും സെല്ലിൽ ഇട്ടിട്ടില്ല.

തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നതായി സന്ദീപ് ഇടയ്ക്കിടെ നിലവിളിച്ചതായി ജയിൽ അധികൃതർ പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. ഇയാളുടെ ചില പെരുമാറ്റങ്ങളൊക്കെ അഭിനയമാണോ എന്ന സംശയവും ഉദ്യോഗസ്ഥർ പങ്കുവെച്ചതായി റിപ്പോർട്ടിലുണ്ട്.

മാനസിക നില സാധാരണ നിലയിലെത്താൻ ദിവസങ്ങൾ എടുക്കുമെന്നാണ് കരുതുന്നത്. സന്ദീപ് സിസിടിവി നിരീക്ഷണത്തിലാണ്. പ്രതിയെ മുഴുവൻ സമയവും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം സന്ദീപിനെ ജയിലിലെത്തിച്ചത്. ഡോക്ടർമാർ പരിശോധന നടത്താൻ തയ്യാറാകാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലാണ് പരിശോധന പൂർത്തിയാക്കിയത്.

തുടർച്ചയായി ലഹരി ഉപയോഗിച്ചതിലൂടെ ഉണ്ടായ പ്രശ്നങ്ങൾ മാറാൻ ദിവസങ്ങളെടുത്തേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മാനസിക ആരോഗ്യ വിദഗ്ധൻ സന്ദീപിനെ പരിശോധിക്കാനാണ് സാധ്യത. ഈ പരിശോധനയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ കോടതി അനുമതിയോടെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായിരുന്നു എസ് സന്ദീപ്.