ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.തിരുമുറ്റത്ത് ആഴിയില്‍ തന്ത്രി അഗ്നിപകരുന്നതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും.

നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടാവില്ല. ചിങ്ങം ഒന്നായ 17ന് പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. നട അടയ്ക്കുന്ന 21ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും.

കനത്ത മഴയെ തുടര്‍ന്ന് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവസ്വം വിജലന്‍സിന്റെ സൂഷ്മ പരിശോധനയ്ക്കു ശേഷം അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 18 പേരാണ് ശബരിമല മാളികപ്പുറം എന്നിവടങ്ങളിലേക്കുള്ള മേല്‍ശാന്തിമാരുടെ അവസാന പട്ടികയിലുള്ളത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ മാധവ് കെ.വര്‍മ്മയും ,കാഞ്ചനയുമാണ് നറുക്കെടുക്കുന്നത് .