വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രയോഗങ്ങള്‍ പിൻവലിക്കുന്നു, രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല; ഒടുവിൽ അയഞ്ഞ് സജി ചെറിയാൻ

കൊച്ചി: പുരോഹിത ശ്രേഷ്ഠൻമാർക്ക് വേദനയുണ്ടാക്കിയ കേക്ക്, വീഞ്ഞ് പരാമർശങ്ങളൾ പിൻവലിക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെതിരെ മണിപ്പൂർ വിഷയത്തിൽ നടത്തിയ രാഷ്ട്രിയ വിമർശനത്തിൽ പിന്നോട്ടില്ലെന്ന് സജി ചെറിയാൻ.

ഈ പരാമർശത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന് പ്രതിപക്ഷനേതാവ് കരുതേണ്ട. താൻ പറഞ്ഞതിന്റെ പ്രധാന ഭാഗം മാറ്റിവെച്ചാണ് അദ്ദേഹം വിമർശിക്കുന്നത്. മതേതരവാദിയായ താൻ ന്യൂനപക്ഷങ്ങളുടെ ആശങ്കയാണ് പങ്കുവെച്ചത്.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാത്രമാണ് ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയുള്ളത്. രാജ്യത്തിന്റെ പൊതുപ്രശ്‌നമാണ് ഉന്നയിച്ചത്. അത് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷനേതാവിന്റെ നിലപാട് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.

കെ.സി.ബി.സി അധ്യക്ഷൻ തനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ്. തന്റെ പ്രസ്താവനയുടെ പേരിൽ സർക്കാരുമായി സഹകരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ വേദനിപ്പിച്ച ഭാഗം താൻ പിൻവലിക്കുന്നു. അതിന്റെ പേരിൽ അദ്ദേഹം സർക്കാരുമായി സഹകരിക്കാതിരിക്കരുത്. രാഷ്ട്രീയ വിമർശനത്തിൽ ഒരു മാറ്റവുമില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണംവരെ പോരാടും. അതിൽ ഒരിക്കലും വെള്ളം ചേർക്കില്ല. അത് തിരുത്തുമെന്ന് ആരും കരുതേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.