മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ സജി ചെറിയാൻ ദുഖവും ഖേദവും രേഖപ്പെടുത്തി.

 

തിരുവനന്തപുരം/ പത്തനംതിട്ട മല്ലപ്പള്ളിയിലെ തന്റെ പ്രസംഗം ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സജി ചെറിയാന്‍ നിയമസഭയിൽ. ആശങ്കകളാണ് പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്, ഒരിക്കല്‍ പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, അതിനെതിരായി കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല.

‘മല്ലപ്പള്ളിയിലെ പ്രസംഗം ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച്, ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ വ്യക്തിപരമായും ആത്മാര്‍ത്ഥമായും രാജ്യത്തോടുള്ള കൂറും പ്രതിബന്ധതയും നിലനിര്‍ത്തിക്കൊണ്ട് ഭരണഘടനയോടുള്ള വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് ദുഖവും ഖേദവും രേഖപ്പെടുത്തുന്നു.’ തന്റെ പ്രസംഗം വളച്ചൊടിക്കപ്പെട്ട് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സജി ചെറിയാന്‍ നിയമസഭയിൽ പറഞ്ഞു.

ഒരിക്കലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, എതിര്‍ത്ത് കാര്യങ്ങള്‍ പറയാനോ താന്‍ ഉദ്ദേശിച്ചിട്ടില്ല. മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തെ കുറിച്ച് നിയമസഭയില്‍ പ്രത്യേക പരാമര്‍ശം നടത്തവെയാണ് സജി ചെറിയാന്‍ ഇങ്ങനെ പറഞ്ഞത്. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നായിരുന്നു തന്റെ പ്രസംഗത്തിന്റെ കാതല്‍. കേന്ദ്ര ഏജന്‍സികളുടെ കടന്നു കയറ്റം ഉള്‍പ്പടെ പ്രസംഗത്തില്‍ വിമര്‍ശിക്കുകയുണ്ടായി. തന്റെ പ്രസംഗം ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു – സജി ചെറിയാന്‍ വ്യക്തമാക്കി.

‘പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നാണ് സജി ചെറിയാൻ ആരോപിച്ചത്. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാന്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലുമാണ്.

പ്രസംഗത്തില്‍ രാജ്യത്തിന്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങല്‍ പരാമര്‍ശിച്ചു. സമത്വത്തിന് വേണ്ടിയുള്ള അവകാശം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം, ചൂഷണത്തിനെതിരായിട്ടുള്ള അവകാശം, മതസ്വാതന്ത്ര്യ ത്തിനുള്ള അവകാശം തുടങ്ങിയ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം- സജി ചെറിയാൻ പറഞ്ഞു.