‘ഗവര്‍ണറോട് സ്നേഹവും ബഹുമാനവും’ ; സജി ചെറിയാന് പഴയ വകുപ്പുകള്‍ തന്നെ

തിരുവനന്തപുരം: സജി ചെറിയാന് പഴയ വകുപ്പുകള്‍ തന്നെ ലഭിക്കും. ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യം എന്നീ വകുപ്പുകളാണ് സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്. മുന്‍വകുപ്പുകള്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓഫീസിലെത്തി ചുമതലയേറ്റശേഷം സജി ചെറിയാന്‍ പറഞ്ഞു
വൈകിട്ട് വകുപ്പുകള്‍ വ്യക്തമാക്കി വിജ്ഞാപനമിറങ്ങും.

എന്നാൽ ഗവര്‍ണറോട് സ്നേഹവും ബഹുമാനവുമാണെന്നും രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം മാത്രമേ ഉള്ളൂ എന്നും സജി ചെറിയാന്‍ പറഞ്ഞു. കേസ് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. സെക്രട്ടേറിയറ്റ് അനക്സ് നാലാം നിലയിലെ പഴയ ഓഫീസ് തന്നെ സജി ചെറിയാന് നൽകി.

അതേസമയം സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം താന്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ ഓർമ്മപ്പെടുത്തി. ചടങ്ങിന് ശേഷം വേദിയില്‍വച്ചായിരുന്നു ഓര്‍മ്മപ്പെടുത്തല്‍. സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട രേഖകളാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.