ശമ്പളം മുടങ്ങിയിട്ടും ശമ്പളം മുടങ്ങില്ലെന്ന വാദവുമായി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : ശമ്പളവും , പെൻഷനും മുടങ്ങി രണ്ട് നാൾ പിന്നിട്ടിട്ടും ഒരാൾക്കും ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സാങ്കേതികമായ ചില കാരണങ്ങളാലാണ് ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ തകരാർ പരിഹരിച്ച് ശമ്പളവും പെൻഷനും ഉടൻ ലഭ്യമാക്കും . കേന്ദ്രം തരാമെന്ന്‌ സമ്മതിച്ച 13,600 കോടി രൂപയും തന്നിട്ടില്ല . ശ്വാസംമുട്ടിക്കുകയാണ്‌ കേന്ദ്രസർക്കാർ . സുപ്രീംകോടതിയിലെ കേസ്‌ പിൻവലിച്ചാലേ പണം തരൂ എന്നാണ്‌ പറയുന്നത്‌. എങ്കിലും ശമ്പളവും പെൻഷനും മുടങ്ങില്ല.

തനതു വരുമാനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ ജി.ഡി.പിയുടെ 6.4 ശതമാനം കടമെടുക്കുന്നു. 3.5 ശതമാനം കടമെടുക്കാൻ കേരളത്തിനും അർഹതയുണ്ട്. എന്നാൽ, 2.4 ശതമാനം മാത്രമാണ് കടം എടുക്കുന്നുള്ളൂ. സമരം നടത്തുന്നവർ രാജ്ഭവനി​ലേക്കാണ് പോവേണ്ടതെന്നും മന്ത്രി പറഞ്ഞു. ശമ്പളം മുടങ്ങിയാൽ അതിന്‌ ഉത്തരവാദി കേന്ദ്രസർക്കാർ ആയിരിക്കുമെന്നും എം വി ഗോവിന്ദൻ പറയുകയുണ്ടായി.