സല്‍മാനും അബ്ദുള്ളക്കും ഇനി രണ്ട് പേരായി ജീവിതം, സായാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി സൗദി ആശുപത്രി

റിയാദ്. യമനില്‍ നിന്നുള്ള സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി സൗദിയിലെ ആശുപത്രി. റിയാദിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് യമനിൽ നിന്നുള്ള സയാമിസ് ഇരട്ടകളെ റദ്ദു ജീവനും രണ്ടു ഉടലുകളുമായി വേർ തിരിച്ചിരിക്കുന്നത്. സല്‍മാന്‍, അബ്ദുള്ള എന്നീ കുരുന്നുകള്‍ക്കാണ് ഇതോടെ പുതുജീവിതം സ്വന്തമായത്.

ശസ്ത്രക്രിയ 10 മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ആറ് ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്. വന്‍കുടല്‍, മൂത്രാശയം എന്നിവ ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളെയാണ് വേര്‍പ്പെടുത്തിയിട്ടുള്ളത്.

വിവിധ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35 അംഗ മെഡിക്കല്‍ സംഘമാണ് വിജയകരമായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കിംഗ് അബ്ദുല്ല ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ മേധാവിയും സയാമിസ് സര്‍ജനുമായ ഡോ. അബ്ദുല്ല അല്‍ റബീഅ മാധ്യമങ്ങളോട് പറഞ്ഞു.