വഴിയില്‍ക്കൂടെ നടന്ന് പോവുന്നവന്‍ ‘ഒരു കളി തര്വോ’ എന്ന് ചോദിച്ചാല്‍ വരെ അത് കണ്‍സെന്റ് ചോദിക്കലാണ് എന്ന് വാദിക്കുന്ന കൊറേ മൊയന്തുകളുമുണ്ട്

വഴിയില്‍ കാത്തുനിന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ലിഫ്റ്റ് കൊടുത്തപ്പോള്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് യുവതി രംഗത്തെത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ പ്രവൃത്തിയെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തി. കുട്ടി അനുവാദം ചോദിച്ചില്ലേ എന്നായിരുന്നു ചിലരുടെ ന്യായീകരണം. ഇത്തരത്തില്‍ ന്യായീകരിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് സംഗീത മാധവ്‌ എന്ന യുവതി.

സംഗീത മാധവിന്റെ കുറിപ്പ്, ബോര്‍ഡിലെഴുതുന്ന ടീച്ചറുടെ ബ്ലൗസിന്റെ ഇറക്കവും ശരീരത്തിന്റെ മൂവ്‌മെന്റും കൗമാരക്കാരുടെ എക്‌സ്പ്രഷനുകളിലേക്ക് കണക്ട് ചെയ്ത് കയ്യടി നേടിയ ഒരുപാട് മലയാള സിനിമകളുണ്ട്. അങ്ങനെ ഡ്രസ് ചെയ്ത് വന്നാല്‍ പിള്ളേരെന്തെങ്കിലും കമന്റടിച്ചാല്‍ തന്നെ അത് കേള്‍ക്കാനും ടീച്ചര്‍മാര്‍ ബാധ്യസ്ഥരാണെന്ന് ഒരു ടീച്ചര്‍ തന്നെ നേരിട്ട് പറഞ്ഞു കേട്ടിട്ടുമുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ക്ലാസില്‍ ഇരുന്ന രണ്ട് ആണ്‍കുട്ടികള്‍ നിര്‍ത്താതെ ചിരിച്ചത് ടീച്ചര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോള്‍ ടീച്ചറുടെ മുല കുലുങ്ങിയതു കണ്ടിട്ടാണെന്ന് ഒരു പെണ്‍ സുഹൃത്ത് ‘ചിരിച്ചു കൊണ്ടു തന്നെ’ എന്നോട് പറഞ്ഞിട്ടുണ്ട്.

സംഗതി വളരെ സിംപിള്‍ ആണ്. പുരുഷ വര്‍ഗത്തിന് വേണ്ടി എല്ലാ രീതിക്കും വാര്‍ത്തു വെച്ചിട്ടുള്ളതാണ് നമ്മുടെ സമൂഹം. രണ്ട് ലിംഗക്കാര്‍ തമ്മിലുള്ള സെക്ഷ്വല്‍ ഓറിയന്റേഷന്‍ പോലും പുരുഷന്മാരുടെ പോളിലേക്ക് മാത്രം ഒതുങ്ങിപ്പോയതും അതു കൊണ്ട് തന്നെയാണ്. ആ പോളില്‍ നിന്നും നോക്കുന്നവര്‍ക്ക് ഇങ്ങേത്തലക്കല്‍ ഇരിക്കുന്നവരൊക്കെ അവരുടെ സെക്ഷ്വല്‍ ഫ്രസ്‌ടേഷന്‍ തീര്‍ക്കാനുള്ള ഉപകരണങ്ങള്‍ മാത്രവുമാണ്. ആ നിലക്ക് Consent ചോദിക്കുക എന്നത് അവരുടെ ഔദാര്യമായൊക്കെ കാണുന്ന ഒരുപാട് പുരുഷ കേസരികളുണ്ട്. അതില്‍ തന്നെ വഴിയില്‍ക്കൂടെ നടന്ന് പോവുന്നവന്‍ ‘ഒരു കളി തര്വോ’ എന്ന് ചോദിച്ചാല്‍ വരെ അത് കണ്‍സെന്റ് ചോദിക്കലാണ് എന്ന് വാദിക്കുന്ന കൊറേ മൊയന്തുകളുമുണ്ട് നമുക്ക് ചുറ്റിലും. കണ്‍സെന്റ് എന്നാല്‍ ഇതൊക്കെയാണെന്ന് അഭിപ്രായമുള്ളവര്‍ ദയവായി അണ്‍ ഫ്രണ്ട് ചെയ്ത് പോവുക. എനിക്ക് ഇത്ര പുരോഗമനമേ ഉള്ളൂ