സ്ത്രീകള്‍ പിന്നോട്ട് പോവുമെന്ന് ഇനിയും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ വെറും വ്യാമോഹമാണ്

പെണ്ണിന്റെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ നിശ്ചയിക്കുന്ന സദാചാരവാദികള്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരക്കാര്‍ സജീവമാണ്. കഴിഞ്ഞ ദിവസം നടി രാജിനി ചാണ്ടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്കെതിരെയും ഇക്കൂട്ടര്‍ രംഗത്ത് എത്തിയിരുന്നു. ‘ഈ പ്രായത്തിലും എന്താ ഇളക്കമെന്ന’് ചോദിച്ചവര്‍ ചുരുക്കമല്ല. ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ശില്‍പ നിരവില്‍പ്പുഴ എന്ന യുവതി. അന്ധമായ ഇത്തരം വിമര്‍ശനങ്ങള്‍ കണ്ട് സ്ത്രീകള്‍ പിന്നോട്ട് പോകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് അതിമോഹമാണെന്ന് ശില്‍പ ഫേസ്ബുക്കില്‍ കുറിച്ചു.

ശില്‍പയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, ‘നീ ഇങ്ങനെ ഡ്രസ്സ് ചെയ്യരുത്, നീയൊരു പെണ്ണല്ലേ?’ ‘നീ ഇതുപോലെ സംസാരിക്കരുത്,നീ പെണ്ണല്ലേ?’ ‘നീ അവിടെയൊന്നും പോവരുത്,നീ പെണ്ണല്ലേ?’ ‘നീ അങ്ങനെ ചെയ്യരുതായിരുന്നു, ഒന്നുമില്ലെങ്കിലും നീ ഒരു പെണ്ണല്ലേ?’ നിരന്തരം ഇത് പോലെ ‘അരുത്’കളും ‘പാടില്ല’കളും കേട്ടു സ്വയം ഒതുങ്ങിക്കൂടിയും ആരൊക്കെയോ വരച്ചിട്ട അതിരുകള്‍ക്കുള്ളില്‍ സ്വയം തളച്ചിട്ടുമാണ് ഓരോ സ്ത്രീയും ഇന്നാട്ടില്‍ ജീവിക്കുന്നത് എന്നറിയാമോ?അതിന് പ്രായഭേദമൊന്നുമില്ല.

അതിന് പുറത്തേക്ക്, സ്വയം ശക്തിയാര്‍ജിച്ചു കൊണ്ടൊരു സ്ത്രീ തുറന്നുസംസാരിക്കുമ്പോള്‍, തനിക്കിഷ്ടമുള്ള രീതിയില്‍ വസ്ത്ര ധരിക്കുമ്പോള്‍,യാത്ര ചെയ്യുമ്പോള്‍,കഴിവ് പ്രകടിക്കുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ ഭയക്കും.നിങ്ങളുടെ സ്ത്രീ സങ്കല്പങ്ങളില്‍ നിന്ന് ഏതൊരു സ്ത്രീ വഴിവിട്ടുമാറി നടന്നാലും നിങ്ങള്‍ തീര്‍ച്ചയായും insecure ആവും.അതിന്റെ ഫ്രസ്‌ട്രേഷന്‍ കമന്റ് ബോക്‌സില്‍ നിങ്ങളുടെ നിലവാരത്തിനനുസരിച്ചു വാരിവിതറും.അതിനപ്പുറത്തേക്ക്, ഒന്നും ഒരു മണ്ണാങ്കട്ടയും ചെയ്യാന്‍ നിങ്ങളെ കൊണ്ട് കഴിയുകയുമില്ല.

ഇതൊക്കെ കൊണ്ട്, ഈ സ്ത്രീകള പിന്നോട്ട് പോവുമെന്ന് ഇനിയും നിങ്ങള്‍ കരുതുന്നുണ്ടോ?ഉണ്ടെങ്കില്‍ വെറും വ്യാമോഹമാണ്.ഇതൊന്നുമവരുടെ ജീവിതത്തിന്റെ ഏഴയലത്ത് പോലും ചെന്നെത്തുന്നുണ്ടാവില്ല. അവര്‍ വീണ്ടും മുന്നോട്ട് നടക്കുന്നുണ്ടാവും.വഴിയില്‍ നിങ്ങളെ പോലെയുള്ള കീടങ്ങളെ ചവിട്ടിയരച്ചു മുന്നോട്ടു തന്നെ നടക്കുന്നുണ്ടാവും..! ഒരു സ്ത്രീ തന്റെ നരവീണ മുടി ഡൈ ചെയ്യാതെ,ലിപ്സ്റ്റിക്ക് അണിഞ്ഞു ജീന്‍സ് ധരിച്ചു ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പൊള്ളും. കാരണം നിങ്ങളുടെ ചിന്താധാരയേക്കാള്‍ ഒരു നൂറ്റാണ്ട് മുന്നിലാണത്. Grow up..! Hats off to you ! Rajini Chandy