ആ യാത്ര കുടുംബത്തെ സഹായിക്കാൻ, സന്തോഷ് പണ്ഡിറ്റിന്റെ നന്മക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറവലായിരുന്നു. ബസിൽ ആരും തിരിച്ചറിയാതെയുള്ള യാത്രക്ക് ഇടയിൽ കണ്ടക്ടർ പകർത്തിയ ചിത്രമാണിത്. എറണാകുളത്ത് നിന്നും വെഞ്ഞാറമൂട്ടിലേക്കുള്ള യാത്രക്കിടെയാണ് ഈ ചിത്രം പകർത്തിയത്. മാസ്‌ക് ധരിച്ചിരുന്നതിനാൽ താരത്തെ പെട്ടെന്ന് ആർക്കും മനസിലായില്ല.

ആലപ്പുഴ സ്വദേശിയായ കണ്ടക്ടർ ഷഫീഖ് ഇബ്രാഹിമാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം പകർത്തിയത്. ടിക്കറ്റെടുക്കാൻ പണം നൽകവെയാണ് കണ്ടക്ടർ താരത്തെ തിരിച്ചറിഞ്ഞത്. തുടർന്ന് ഫോട്ടോ എടുത്ത് ‘ഈ യാത്രക്കാരനെ തിരിച്ചറിയാമോ’ എന്ന ക്യാപ്ക്ഷനോടെ കെഎസ്ആർടിസി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും ഫെയ്‌സ്ബുക്ക് പേജിലും പങ്കുവയ്ക്കുകയായിരുന്നു. ഇബുൾ ജെറ്റ് വ്‌ളോഗർമാരുടെ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ സേവനവും ലാളിത്യവും പരാമർശിച്ചാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

ഇപ്പോളിതാ ആ യാത്ര എങ്ങട്ടായിരുന്നെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ഞാൻ കോഴിക്കോട് നിന്നും തിരുവനന്തപുരം വെഞ്ഞാറമൂട് എത്തി. ഉടുമ്പൻ ചോലാ കോളനിയിൽ ഒരു പാവപെട്ട കുടുംബത്തിന്റെ ആവശ്യ പ്രകാരം bath room ഇല്ലാത്ത ഒരു വീടിനു കുറച്ചു സാധനങ്ങൾ വാങ്ങി നൽകി. KSRTC യിൽ ആണ് യാത്ര എന്നാണ് താരം വീഡിയോയൊടൊപ്പം കുറിച്ചത്.

സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉണ്ടെങ്കിൽ പൊളിഞ്ഞ് വീഴാറായ കെട്ടിടമാണ് കുടുംബത്തിന് ഉള്ളത്. കുടുംബത്തിനുള്ള ആദ്യ സഹായമായി ഇവർക്ക് കക്കൂസ് വയ്ക്കാനുള്ള സൗകര്യമാണ് നൽകിയത്. ഇതിനാവശ്യമായ ക്ലോസറ്റ്, കല്ലുകൾ, പൈപ്പ് എന്നിങ്ങനെയുള്ള സാധനങ്ങൾ അദ്ദേഹം എത്തിച്ച്‌ നൽകി. വീട് എന്ന സ്വപ്നം സാധ്യമാക്കുന്നതിനായി തനിക്ക് ഒരുപാട് പരിമിതികൾ ഉണ്ടെന്ന് വീടിന്റെ ദയനീയ അവസ്ഥ പങ്കുവെച്ച്‌ കൊണ്ടുള്ള വീഡിയോയിൽ സന്തോഷ് പറയുന്നു. വർഷത്തിൽ ഒരു സിനിമ മാത്രമാണുള്ളത്. ചില യുട്യൂബ് വീഡിയോകളിൽ നിന്നുള്ള വരുമാനം. അതൊക്കെ വെച്ചുകൊണ്ടാണ് എല്ലാവർക്കും കഴിയുന്നത് പോലെ സഹായം എത്തിക്കുന്നത്. അതേസമയം എല്ലാ സാഹചര്യത്തിലും ഒപ്പമുണ്ടാകുമെന്ന ഉറപ്പും സന്തോഷ് നൽകുന്നുണ്ട്.