കവിയൂർ പൊന്നമ്മയോ സുകുമാരിയോ കെ.പി എസി ലളിതയോ ഫിലോമിനയോ ആയില്ല ഇവർ, നിശ്ശബ്ദമായിരുന്നു സ്വകാര്യ ജീവിതം- നടി മീനയെ അനുസ്മരിച്ച് ശാരദക്കുട്ടി

മലയാള സിനിമയിൽ ഒട്ടേറെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടിയാണ് മീന. മീനയുടെ ഓർമ്മ ദിവസമായിരുന്നു ഇന്ന്. മീനയെ അനുസ്മരിക്കുകാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. മിഥുനത്തിലെ ചെവി പൊത്തിപ്പിടിച്ച് അയ്യോ എന്നലറുന്ന മീന , പിന്നാലെ ദേഷ്യപ്പെട്ടു വരുന്ന മോഹൻലാലിനെ ഭയന്ന് മുണ്ട് ഒരു കൈ കൊണ്ട് തെറുത്തു പിടിച്ച് പറമ്പിലൂടെ ഓടുന്ന മീന, ‘ഇനി അവളെങ്ങാനും നിങ്ങടെ പേരു പറയുമോ’ എന്ന് ഭർത്താവിനോട് കൂസലില്ലാതെ ചോദിച്ച് ആട്ടു വാങ്ങുന്ന മേലേപ്പറമ്പിൽ ആൺവീട്ടിലെ മീന, ചട്ടക്കാരിയിലെ ശശി (മോഹൻ ) ന്റെ അമ്മ, മർമ്മരത്തിലെ ദൈന്യത നിറഞ്ഞ മുഖമുള്ള ബ്രാഹ്മണസ്ത്രീ, സസ്നേഹത്തിലെ നായകന്റെ അമ്മ, സ്ത്രീധനത്തിലെ അമ്മായിയമ്മ… മറക്കാനാവാത്ത എത്ര മുഹൂർത്തങ്ങൾ സൂക്ഷ്മ ഭാവാഭിനയത്തിലൂടെ ഗംഭീരമാക്കിയ നടിയെന്നാണ് ശാരദക്കുട്ടി പറയുന്നത്.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചന്ദനം മാത്രമല്ല, കാഞ്ഞിരവും മണക്കുന്ന മീനയെ ആണെനിക്കിഷ്ടം. മീന എന്ന മലയാളത്തിലെ മികച്ച നടിയുടെ ഓർമ്മ ദിവസമാണിന്ന് മീന എന്നു ഗൂഗിളിൽ സർച്ച് ചെയ്താൽ പഴയ കാല നടി മീനയെ കിട്ടാൻ പ്രയാസപ്പെടും . ഭാസി – മീന, ബഹദൂർ-മീന എന്നൊക്കെ ചേർത്തു കൊടുത്താലേ കിട്ടു.

മിഥുനത്തിലെ ചെവി പൊത്തിപ്പിടിച്ച് അയ്യോ എന്നലറുന്ന മീന , പിന്നാലെ ദേഷ്യപ്പെട്ടു വരുന്ന മോഹൻലാലിനെ ഭയന്ന് മുണ്ട് ഒരു കൈ കൊണ്ട് തെറുത്തു പിടിച്ച് പറമ്പിലൂടെ ഓടുന്ന മീന, ‘ഇനി അവളെങ്ങാനും നിങ്ങടെ പേരു പറയുമോ’ എന്ന് ഭർത്താവിനോട് കൂസലില്ലാതെ ചോദിച്ച് ആട്ടു വാങ്ങുന്ന മേലേപ്പറമ്പിൽ ആൺവീട്ടിലെ മീന, ചട്ടക്കാരിയിലെ ശശി (മോഹൻ ) ന്റെ അമ്മ, മർമ്മരത്തിലെ ദൈന്യത നിറഞ്ഞ മുഖമുള്ള ബ്രാഹ്മണസ്ത്രീ, സസ്നേഹത്തിലെ നായകന്റെ അമ്മ, സ്ത്രീധനത്തിലെ അമ്മായിയമ്മ… മറക്കാനാവാത്ത എത്ര മുഹൂർത്തങ്ങൾ സൂക്ഷ്മ ഭാവാഭിനയത്തിലൂടെ ഗംഭീരമാക്കിയ നടി.

ഹാസ്യവും ക്രൗര്യവും ദൈന്യതയും സൂക്ഷ്മ തലത്തിൽ ഒരേ പോലെ വഴങ്ങുന്ന മൂന്നു മുഖങ്ങൾ മലയാളത്തിൽ കൽപനക്കും ഉർവ്വശിക്കും മീനക്കുമാണ് ഞാൻ കണ്ടിട്ടുള്ളത്. ‘ചന്ദനം മരമാണെന്നമ്മ, കാഞ്ഞിരമാണീ ക്കുഞ്ഞമ്മ’ എന്നു പ്രേംനസീർ പാടി കോക്രി കാണിക്കുന്നത് മീനയുടെ മുഖത്തേക്കു നോക്കിയാണ് . പ്രവാഹമാണ് ചിത്രം . ചന്ദനം മണക്കുന്ന അമ്മ കവിയൂർ പൊന്നമ്മയും . കാഞ്ഞിരം മണക്കുന്ന ഈ കുഞ്ഞമ്മക്കാണ് ഏതു കഥാപാത്രമായും പെട്ടെന്നു രൂപാന്തരപ്പെടാനുള്ള അഭിനയ ശേഷി ഉണ്ടായിരുന്നത്. എത്രയെത്ര വേഷങ്ങൾ ഓർത്തെടുക്കാനുണ്ട്.

കവിയൂർ പൊന്നമ്മയോ സുകുമാരിയോ കെ.പി എസി ലളിതയോ ഫിലോമിനയോ ആയില്ല ഇവർ. നിശ്ശബ്ദമായിരുന്നു സ്വകാര്യ ജീവിതം. മീന എന്ന പ്രതിഭാധനയായ നടിയെ ഓർമ്മിക്കുന്നു സ്നേഹിക്കുന്നു. പ്രണമിക്കുന്നു. ശരിക്കും നഷ്ടപ്പെട്ടു പോയല്ലോ എന്നു വേദന തോന്നിപ്പിക്കുന്ന അതുല്യ കലാകാരിയാണവർ. എസ് ശാരദക്കുട്ടി .