രാമക്യഷ്ണൻ കരയുന്നുണ്ട് ഇപ്പോഴും, അദ്ദേഹത്തിന്റെ സങ്കടങ്ങൾ കലാകേരളത്തിന് അപമാനമാണെന്ന് ശാരദക്കുട്ടി

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആർ.എൽ.വി രാമകൃഷ്ണൻ ഇപ്പോഴും കരയുന്നുണ്ട്, ഡോ. ആർഎൽവി രാമകൃഷ്ണന് ന്യായമായ, നീതിയുക്തമായ ഒരു മറുപടിയും അംഗീകാരവും സംഗീത നാടകഅക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കണമേയെന്ന ആഗ്രഹത്തോടെ താരലോകത്തു നിന്നിറങ്ങി വന്നതാണ് ഞാൻ . ഇല്ല ഒന്നും സംഭവിച്ചിട്ടില്ലെന്ന് ശാരദക്കുട്ടി പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ശാരദക്കുട്ടി രാമക്യഷ്ണവ് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നത്.

ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ.
ഇൻസ്റ്റാഗ്രാമിൽ പോയി സിനിമാക്കാരുടെയും പുതിയ പിള്ളേരുടെയും ഒക്കെ പേജുകൾ ഫോട്ടോകൾ കുസൃതികൾ ഒക്കെ കണ്ടിരുന്നാൽ നമുക്ക് ദുഃഖങ്ങളേയില്ലാത്ത മറ്റൊരു ലോകത്തേക്കു അൽപ സമയമെങ്കിലും താമസം മാറ്റാൻ കഴിയും. രണ്ടു ലോകത്തേയും വാസം സാധ്യമാക്കുകയാണ് ഞാൻ. സുഖങ്ങളുടെ ആ ലോകവും അസുഖങ്ങളുടെ ഈ ലോകവും .

അവിടെ ഒരു കാഴ്ചക്കാരിക്ക് ഉത്തരവാദിത്തങ്ങൾ കുറവുണ്ട് തെറി വിളികളില്ല. പ്രതികരിക്കൂ എന്ന ആക്രോശങ്ങളുമില്ല. ഡോ. RLV രാമകൃഷ്ണന് ന്യായമായ, നീതിയുക്തമായ ഒരു മറുപടിയും അംഗീകാരവും സംഗീത നാടകഅക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കണമേയെന്ന ആഗ്രഹത്തോടെ താരലോകത്തു നിന്നിറങ്ങി വന്നതാണ് ഞാൻ . ഇല്ല ഒന്നും സംഭവിച്ചിട്ടില്ല.എന്നാലും തിരുവനന്തപുരത്ത് നോഡൽ ഓഫീസറായ ഡോക്ടറുടെ സസ്പെൻഷൻ പിൻവലിച്ചത് ആശ്വാസമായി.

ഡോ. RLV രാമകൃഷ്ണൻ കൃത്യമായും ഒരു മറുപടി അർഹിക്കുന്നു. അദ്ദേഹത്തിന്റെ സങ്കടങ്ങൾ കലാകേരളത്തിന് അപമാനമാണ് . എനിക്ക് വീണ്ടും ഈ വീടു വിട്ടു പോകാൻ തോന്നുന്നു. Dr. RLV രാമക്യഷ്ണൻ കരയുന്നുണ്ട് ഇപ്പോഴും .

അതേസമയം, ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികളുണ്ടാവുകയുള്ളൂവെന്ന് ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ. സന്തോഷ്‌കുമാർ, എസ്.എച്ച്‌.ഒ. കെ.എസ്. സന്ദീപ് എന്നിവർ പറഞ്ഞു.ശനിയാഴ്ച രാത്രി ചാലക്കുടി ചേനത്തുനാടുള്ള കലാഗൃഹത്തിൽ അബോധാവസ്ഥയിൽ രാമകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ചുവെന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറോട് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അക്കാദമിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നായിരുന്നു ചെയർപേഴ്‌സൺ കെ.പി.എ.സി. ലളിതയുടെ പ്രതികരണം.