ക്രൂരമായ സൈബർ ആക്രമണം, നിരന്തരം വേട്ടയാടുന്നു, പ്രശ്‌നങ്ങളിലേക്ക് കുടുംബത്തെയും വലിച്ചിഴക്കുന്നുവെന്ന് സത്യഭാമ

തിരുവനന്തപുരം : നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്‌നെതിരെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമ താന്‍ സൈബര്‍ അധിക്ഷേപം നേരിടുന്നു എന്ന പരാതിയുമായി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഈ പരാതി ഉന്നയിച്ചിരിക്കുന്നത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശങ്ങളെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മാദ്ധ്യമങ്ങളാണ് തന്റെ പരാമർശം വളച്ചൊടിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളിൽ തന്റെ കുടുംബത്തെയും വലിച്ചിഴക്കുകയാണ്. പരമാവധി വേദികൾ ആർഎൽവി രാമകൃഷ്ണന് നൽകി എന്നും പറയുകയുണ്ടായി. ഇതാദ്യമായാണ് സത്യഭാമ താന്‍ നടത്തിയ അധിക്ഷേപങ്ങളെ കുറിച്ച് ഇത്തരമൊരു വിശദീകരണം നല്‍കുന്നത്.

നേരത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ അവര്‍ നടത്തിയ അധിക്ഷേപങ്ങളില്‍ ഉറച്ച് നില്‍ക്കുക. ദിവസങ്ങൾക്ക് മുൻപാണ് ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് സത്യഭാമ ജൂനിയർ പരാമർശങ്ങൾ നടത്തിയത്. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കാൻ യോജിച്ചവരല്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു പരാമർശം.

പേരെടുത്ത് പറയാതെയുള്ള ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേരാണ് ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായെത്തിയത്. ഇതിനെതിരെ സമൂഹത്തിന്റെ വിവധതലങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടും തിരുത്താൻ അവർ തയ്യാറായില്ല. വിവാദ പരാമർശത്തിൽ അവർ ഉറച്ചു നിന്നു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോ ട്രോളുകളും മറ്റും വ്യാപകമായ സാഹചര്യത്തിലാണ് അവർ വിശദീകരണവുമായി രംഗത്ത് വന്നത്.