ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 176 പേർ മാത്രം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് വെറും 176 പേർ മാത്രം. 4,824 പേരാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരായുള്ളത്. ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഹാജർനില തീരെ കുറവാണ്.

ഹൈക്കോടതി നിര്‍ദേശപ്രകാരം, പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത് ജീവനക്കാരുടെ സംഘടനകൾ മുഖവിലയ്ക്കെടുത്തില്ലെന്നാണ് ഹാജർനില വ്യക്തമാക്കുന്നത്. അനിവാര്യ കാരണമില്ലാതെ അവധി അനുവദിക്കില്ലെന്നും, അനധികൃതമായി ഹാജരാകാതിരുന്നാൽ ശമ്പളം നഷ്ടപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നെങ്കിലും ജോലിക്കു ഹാജരാകേണ്ടെന്ന നിർദേശമാണ് സർവീസ് സംഘടനകൾ നൽകിയത്.

ഇന്നും പണിമുടക്കുമെന്ന് എന്‍ജിഒ യൂണിയൻ അറിയിച്ചിരുന്നു. ജോലിക്കെത്താത്തവർ അവധി അപേക്ഷിക്കുന്നതിനാൽ നടപടിയെടുക്കാൻ സർക്കാരിനു സാധിക്കില്ല. അനിവാര്യമായ കാരണമാണെന്ന് ചൂണ്ടിക്കാട്ടിയാൽ അവധി അനുവദിക്കുമെന്ന് സർവീസ് സംഘടനകളും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. സർക്കാർ പിന്തുണയുള്ള സമരമായതിനാൽ അവധി അപേക്ഷകളിൽ കാര്യമായ പരിശോധന ഉണ്ടാകില്ല.