സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ചു, ഒടുവിൽ ക്യാൻസർ ബാധിച്ച് മരണം, അഞ്ച് ഉദ്യോഗസ്ഥർ പിടിയിൽ

തിരുവനന്തപുരം : സർവ്വീസ് ബുക്ക് ഒളിപ്പിച്ച കേസിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത് വിവരാവകാശ കമ്മീഷൻ. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ആരോഗ്യവിദ്യാഭ്യാസ ഓഫീസറായിരുന്ന ടി.സി ജയരാജിന്റെ സർവ്വീസ് ബുക്ക് സഹപ്രവർത്തകർ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ എം.എം ശിവരാമൻ, എസ്.പ്രസാദ്, സൂപ്രണ്ട് എസ്.ജെ കവിത, ക്ലാർക്കുമാരായ കെ.ബി ഗീതുമോൾ, ജെ.രേവതി എന്നിവർക്കെതിരെയാണ് നടപടി എടുത്തു.

ഡെപ്യൂട്ടി ജില്ലാ ആരോഗ്യവിദ്യാഭ്യാസ ഓഫീസറായിരുന്ന ടി.സി ജയരാജിന്റെ സർവ്വീസ് ബുക്ക് 2000 ൽ ഏജീസ് ഓഫീസിലേക്ക് അയച്ചത് തിരിച്ചു കിട്ടിയില്ല എന്നാണ് പറഞ്ഞിരുന്നത്. സംഭവത്തിൽ കുറ്റക്കാരായ അഞ്ച് പേരും 25,000 രൂപ പിഴയൊടുക്കാനാണ് വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടത്. സെപ്തംബർ അഞ്ചിനകം പിഴ ഒടുക്കിയില്ലെങ്കിൽ റിക്കവറി നടത്താനും ഉത്തരവിൽ പറയുന്നുണ്ട്.

സർവീസ് ബുക്ക് കാണാതായതോടെ ജയരാജിന് അർഹമായ ആനുകൂല്യങ്ങളും നൽകിയിരുന്നില്ല. ഇതിനിടെ ക്യാൻസർ ബാധിച്ച് ജയരാജ് മരിക്കുകയും ചെയ്തു. തുടർന്നും സർവ്വീസ് ബുക്ക് എടുത്ത് അവസാന രേഖപ്പെടുത്തലുകൾ വരുത്തിയെങ്കിലും ആനുകൂല്യങ്ങൾ നൽകിയില്ല. പെൻഷൻ ഉൾപ്പടെയുള്ളവ നൽകാനാവാത്ത അവസ്ഥയായി.

ഇത് സംബന്ധിച്ച് നിലമ്പൂരിലെ അഭിഭാഷകനായ ജോർജ് തോമസ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോഴും ഒന്നാം അപ്പീൽ നൽകിയപ്പോഴും സർവീസ് ബുക്ക് ഏജിയിൽ നിന്ന് തിരികെ കിട്ടിയിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. തുടർന്ന് വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷൻ ഇടപെടലിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ സർവ്വീസ് ബുക്ക് ഓഫീസിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.