എസ്എഫ്ഐ കുരുതികൊടുത്ത സിദ്ധാർത്ഥിന്റെ വീട്ടിലെത്തി നേതാക്കൾ, പ്രഹസനമെന്ന് വിമർശനം

തിരുവനന്തപുരം : എസ്എഫ്ഐ കുരുതികൊടുത്ത സിദ്ധാർത്ഥിന്റെ വീട്ടിലെത്തി എസ്എഫ്ഐ നേതാക്കൾ. സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗം ഹസൻ മുബാറക്, ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, ജില്ലാ സെക്രട്ടറി എസ് കെ ആദർശ് തുടങ്ങിയവരാണ് സിദ്ധാർഥിന്റെ മാതാപിതാക്കളെ കാണാനെത്തിയത്. സംഭവത്തിൽ കടുത്ത വിമർശനമാണ് ഇവർക്കെതിരെ ഉയരുന്നത്.

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ നടന്നത് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമാണെന്നത് പകൽ പോലെ വ്യകതമാണ്. കോളേജ് യൂണിയൻ പ്രസിഡന്റും യൂണിറ്റ് സെക്രട്ടറിയും അടക്കമുള്ളവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതല്ലെന്നും, മകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പിതാവ് ടി. ജയപ്രകാശ് പറഞ്ഞിരുന്നു .

പ്രഹസനമാണ് എസ് എഫ് ഐ നേതാക്കൾ കാണിക്കുന്നതെന്നാണ് വിമർശനം . മകനെ നഷ്ടപ്പെടുത്തിയിട്ടും ആ മാതാപിതാക്കളെ സമാധാനിപ്പിക്കാനെന്ന പേരിൽ കാട്ടുക്കൂട്ടുന്ന ഈ പ്രഹസനങ്ങൾ സത്യം മറച്ചു വയ്‌ക്കാനാണെന്നും വിമർശകർ പറയുന്നു. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സീനിയർ വിദ്യാർത്ഥിനികൾക്കൊപ്പം സിദ്ധാർഥ് നൃത്തം ചെയ്തതിന്റെ പേരിൽ ക്രൂരതയാണ് ആ ചെറുപ്പക്കാരൻ അനുഭവിച്ചത്.

നൂറോളം വിദ്യാർത്ഥികൾ നോക്കിനിൽക്കേ വിവസ്ത്രനാക്കി അടിച്ചു. ബെൽറ്റ് കൊണ്ട് പലവട്ടം അടിച്ചു. മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ നൽകിയില്ല. പിന്നാലെയായിരുന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.