വിവാദ ഡോക്ടറേറ്റ്: ‘താങ്കളുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വ്വകലാശാല എങ്ങനെ അറിഞ്ഞുവെന്ന് ഷാഹിദ കമാലിനോട് കോടതി

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് ചോദ്യങ്ങളുന്നയിച്ച് ലോകായുക്ത. ഡോക്ടറേറ്റ് കസാഖിസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്നാണെങ്കില്‍, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന് കോടതി ചോദിച്ചു. സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോള്‍ രേഖകള്‍ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിര്‍ദ്ദേശിച്ചു.

യൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാര്‍ശ ചെയ്തതുവെന്നായിരുന്നു ഇതിന് ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടു.

ഷാഹിദയുടെ യോഗ്യതയില്‍ സര്‍ക്കാരും മലക്കം മറിയുകയാണ്. ഷാഹിദക്ക് വിയറ്റ്‌നാം സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഷാഹിദക്ക് വിയറ്റ്‌നാം സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്ന് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇന്ന് ലോകായുക്തക്ക് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ഷാഹിദ കമാലിന് കസാക്കിസ്ഥാന്‍ ഓപ്പണ്‍ സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചതെന്നും സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.