വിവാദങ്ങളിൽ കുടുങ്ങി ഷെയ്‌ൻ നിഗവും ശ്രീനാഥ് ഭാസിയും, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: യുവനടന്മാർക്കെതിരായ നിർമ്മാതാക്കളുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ.
സിനിമാ മേഖലയിലുള്ളവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ പറഞ്ഞാൽ പോര പറയുന്നവർക്ക് അതിനെക്കുറിച്ച് വ്യക്തതയുണ്ടെങ്കിൽ പേരുവിവരങ്ങൾ നൽകണം. വ്യക്തമായ വിവരങ്ങൾ ലഭിച്ചാൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് നടന്മാർക്കെതിരെ ഉണ്ടായ നടപടി തുടരട്ടെയെന്നും അദ്ദേഹം അഭിപായപ്പെട്ടു. നിർമാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതിയിലാണ് ഷെയ്‌ൻ നിഗവും ശ്രീനാഥ് ഭാസിയും സിനിമ മേഖലയിൽ വിലക്ക് നേരിടുന്നത്. സിനിമയിൽ അനാവശ്യമായി ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തതിനാണിത്. ഷെയ്ൻ നിഗം സിനിമയിൽ അനാവശ്യമായി ഇടപെടുന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത് പറഞ്ഞു.

സിനിമയിൽ തനിക്ക് പ്രാധാന്യം നൽകണമെന്നാണ് ഷൈൻ നിഗം ആവശ്യപ്പെടുന്നത്. ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ഭാഗങ്ങൾ കാണണമെന്നും തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. സെറ്റുകളിൽ കൃത്യനിഷ്ഠ പാലിക്കുന്നില്ല. സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഷെയ്‌നിന്റെ പെരുമാറ്റമെന്നും പരാതി ഉയർന്നു. ശ്രീനാഥ് ഭാസിക്ക് അഭിനയിക്കുന്ന സിനിമകൾ ഏതാണെന്നു പോലും അറിയാത്ത അവസ്ഥയാണെന്നാണ് പരാതി. കൂടാതെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സിനിമാ പ്രവർത്തകരുടെ പട്ടിക സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.