ഷാജുവിനെല്ലാം അറിയാമായിരുന്നുവെന്ന് ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് പൊലീസ് ഒരുങ്ങുന്നതായി സൂചന. നിലവില്‍ കൊലപാതക പരമ്പരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന കേസിലാണ് ജോളി, സുഹൃത്ത് മാത്യു, സ്വര്‍ണപണിക്കാരന്‍ പ്രജുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

അതേസമയം കേസില്‍ നിരപരാധിയെന്ന് അവകാശപ്പെട്ട രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. സിലിയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമായിരുന്നുവെന്ന് ഷാജുവിന് അറിയാമായിരുന്നു. താന്‍ തന്നെയാണ് ഇക്കാര്യം ഷാജുവിനെ അറിയിച്ചതെന്നും ജോളി പറഞ്ഞു. എന്നാല്‍ അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നു എന്നാണ് ഷാജു പറഞ്ഞതെന്നും, ഇക്കാര്യം ആരും അറിയരുതെന്ന് ഷാജു പറഞ്ഞതായും ജോളി വെളിപ്പെടുത്തി.

എന്നാല്‍ ജോളിക്കും മകന്‍ റോമോയ്ക്കുമെതിരെ ഷാജുവും രംഗത്തെത്തിയിട്ടുണ്ട്. സിലി ജീവിച്ചിരിക്കെ ജോളി തന്നോട് അടുപ്പം കാണിക്കാന്‍ ശ്രമിച്ചിരുന്നെന്ന് ഷാജു വെളിപ്പെടുത്തി. കൂടത്തായി കൂട്ടക്കൊലയില്‍ മുഖ്യപ്രതി ജോളിയെ പൂര്‍ണമായും തള്ളിപ്പറയുന്നതാണ് ഷാജുവിന്റെ മൊഴി. എന്നാല്‍, ഷാജുവിന്റെ പുളിക്കയത്തെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനാണ് സാധ്യത.

തന്റെ ഭാര്യ സിലിയും മകള്‍ ആല്‍ഫിനും മരണപ്പെട്ട ശേഷം ജോളിയാണ് വിവാഹക്കാര്യത്തിന് മുന്‍കൈയ്യെടുത്തതെന്നാണ് ഷാജുവിന്റെ നിലപാട്. സിലിയുടെ മരണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ജോളി തന്നെ വിളിച്ചു വരുത്തി വിവാഹം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത്. സിലിയുടെ സഹോദരനും മറ്റു ചില ബന്ധുക്കളും ഇങ്ങനെയൊരു വിവാഹം നടന്നു കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും, വിവാഹം കഴിച്ചാല്‍ ഷാജുവിന്റെ മകനും തന്റെ മകന്‍ റോമോയ്ക്കും രക്ഷിതാക്കളുടെ കരുതല്‍ കിട്ടുമെന്നും ജോളി പറഞ്ഞു.

ഇപ്പോള്‍ ഒരു കല്ല്യാണത്തെ കുറിച്ച് ചിന്തിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല എന്ന് ജോളിയോട് പറഞ്ഞപ്പോള്‍ ആറ് മാസം കഴിഞ്ഞ് ഇതേക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു മറുപടിയെന്നും ഷാജു പറയുന്നു. എന്നാല്‍, ഒരു വര്‍ഷമെങ്കിലും കഴിയാതെ ഇതൊന്നും പറ്റില്ലെന്ന് താന്‍ തീര്‍ത്തു പറഞ്ഞതായും ഷാജു വെളിപ്പെടുത്തി. കല്ല്യാണത്തിന് മുന്‍പേ തന്നെ ജോളി തന്നോട് അടുത്ത് ഇടപെടാന്‍ ശ്രമിച്ചിരുന്നു എന്നും ഷാജു പറയുന്നു. സിലി ജീവിച്ചിരിക്കുന്ന കാലത്ത് ജോളിയുമായി യാതൊരു ബന്ധവും തനിക്ക് ഇല്ലായിരുന്നു. സിലി മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് വയനാട് പനമരത്തില്‍ ഒരു കല്ല്യാണത്തിന് പോയിട്ടുണ്ട്. ജോളിയുടെ കാറിലാണ് അന്ന് ഞങ്ങളെല്ലാം പോയത്. അന്നേ ജോളി ഞാനുമായി അടുപ്പം ഉണ്ടാകാന്‍ ശ്രമിച്ചിരുന്നു. ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മാത്രമാണ് മനസ്സിലാവുന്നത്. അന്നിതൊക്കെ യാദൃശ്ചികമായി മാത്രമായാണ് തോന്നിയത്.

സംസ്‌കാരചടങ്ങുകള്‍ക്കിടെ സിലിയുടെ മൃതദേഹത്തില്‍ ഞാന്‍ അന്ത്യചുംബനം നല്‍കുമ്പോള്‍ എനിക്കൊപ്പം തള്ളിക്കയറി ജോളിയും സിലിയുടെ മൃതദേഹത്തെ ചുംബിക്കാന്‍ ശ്രമിച്ചിരുന്നു. മരണചടങ്ങുകളെല്ലാം ഫോട്ടോയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഫോട്ടോകള്‍ ആല്‍ബത്തിലാക്കാന്‍ നോക്കിയപ്പോള്‍ ഈ ഫോട്ടോ ഒഴിവാക്കാനാണ് ഞാന്‍ സ്റ്റുഡിയോയില്‍ പറഞ്ഞത്. അത്രയേറെ അസ്വസ്ഥത ആ സംഭവത്തില്‍ അന്നുണ്ടായിരുന്നു. ജോളിയുമായുള്ള വിവാഹക്കാര്യത്തെക്കുറിച്ച് സിലിയുടെ സഹോദരനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം അതിനെ പിന്തുണച്ചാണ് സംസാരിച്ചത്.

പ്രതിസന്ധി ഘട്ടത്തില്‍ തന്നേയും മകനേയും തകര്‍ക്കുന്ന നിലപാടാണ് ജോളിയുടെ മകന്‍ റോമോ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. തന്റെ സഹോദരന്റെ മരണത്തില്‍ ഇത്ര വര്‍ഷം കഴിഞ്ഞു കേസ് കൊടുത്ത റോജോ അത് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ തന്റെ ഭാര്യയും മകളും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷാജു പറഞ്ഞു.

സിലി മരിച്ചു പോകട്ടെയെന്ന് ഞാന്‍ പറഞ്ഞു എന്ന് റോമോ പറഞ്ഞതായി ചാനലില്‍ സ്‌ക്രോള്‍ കണ്ടു. റോമോ അങ്ങനെ പറഞ്ഞെങ്കില്‍ അവന് ഞാന്‍ നല്‍കിയ സ്നേഹത്തിനും കരുതലിനും എന്താണ് അര്‍ത്ഥം. അവന്റെ മാതാവ് ഇങ്ങനത്തെ അവസ്ഥയിലാണ്. എന്റെ മകനുണ്ടാവുന്ന മാനക്കേട് എന്താണ് എന്നോ അവന്റെ അവസ്ഥ എന്താണെന്നോ റോമോ ചിന്തിക്കുന്നുണ്ടോ. അവന്റെ അച്ഛന്റെ സ്ഥാനത്തുള്ള എന്നോടോ സഹോദരനോടോ അവന് ഈ സമയത്ത് കരിവാരി തേയ്ക്കേണ്ട കാര്യമെന്താണ്. ഇതൊന്നും ഞാനൊരിക്കലും പറയില്ലായിരുന്നു പക്ഷേ പറയേണ്ട ഗതികേടാണ് ഇപ്പോഴെന്നും ഷാജു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.