കണ്ണീരൊഴുക്കി മുട്ടുചിറ, ഡോക്ടറായി ഇറങ്ങിപോയവൾ ചേതനയറ്റു മടങ്ങിയെത്തി, കണ്ണീർക്കടലായി നാട്

കോട്ടയം . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്കൂൾ അധ്യാപകന്റെ കുത്തേറ്റു അതി ദാരുണമായി കൊല്ലപ്പട്ട വനിതാ ഡോക്ടർ ഡോ.വന്ദനാ ദാസിന്റെ മൃതദേഹം രാത്രി എട്ടു മണിയോടെ ജന്മ ദേശമായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു.

മൃതദേഹം വീട്ടുമുറ്റത്ത് പ്രത്യേക ഒരുക്കിയ പന്തിലിലാണ് പൊതുദർശനത്തിനായി വെച്ചിട്ടുള്ളത്. കോട്ടയം ജില്ലയിൽ നിന്നും പ്രത്യേകിച്ച് കടുത്തുരുത്തിയിൽ നിന്നുമായി ആയിരങ്ങളാണ് നാടിന്റെ പ്രിയപ്പെട്ട ഡോക്ടറെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിലാണ് സംസ്കാരം തീരുമാനിച്ചിരിക്കുന്നത്.

സംസ്കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെ വ്യാഴാഴ്ച രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഭാഗത്തുനിന്ന് ഏറ്റുമാനൂർ – കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ( കണ്ടെയ്നർ ലോറികൾ ഒഴികെ ) കടുത്തുരുത്തി സെൻട്രൽ ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാലകര – തോട്ടുവ – കാഞ്ഞിരത്താനം – കുറുപ്പന്തറ വഴി പോകണമെന്നും, ഈ ഭാഗത്തുനിന്നും എത്തുന്ന കണ്ടെയ്നർ ലോറികൾ തലയോലപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്യണമെന്നുമാണ് അറിയിച്ചിട്ടുള്ളത്.

വന്ദനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വെക്കുകയുണ്ടായി. നൂറുകണക്കിനു പേർ നാടിനു നഷ്ട്ടമായ ഡോക്ടർക്ക് അശ്രുപുഷ്പങ്ങൾ അർപ്പിക്കാൻ അവിടെ എത്തിയിരുന്നു. മൃതദേഹം തുടർന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലും പൊതദര്‍ശനത്തിനു വച്ചപ്പോഴും വന്ദനയെ ഒരുനോക്ക് കാണാൻ ആയിരങ്ങൾ എത്തുകയുണ്ടായി. മൃതദേഹം ബുധനാഴ്ച വൈകിട്ട് എട്ടരയോടെയാണ് ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലേക്ക് എത്തിക്കുന്നത്. മൃതദേഹമെത്തുമ്പോൾ നാടിന്റെ കൂട്ട നിലവിളിയാണ് ഉയർന്നത്.