മയക്കു മരുന്ന് കഴിച്ച് പരിചയമില്ലാത്ത, അടിതട അറിയാത്തവര്‍ ഇനി ഡോക്ടര്‍മാരായി സേവനം നടത്താന്‍ പാടില്ല

ആലപ്പുഴ . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ്. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതിയും രംഗത്ത് എത്തി.

മയക്കു മരുന്ന് കഴിച്ച് പരിചയമില്ലാത്ത, അടിതട പരിചയമില്ലാത്തവര്‍ ഇനി മുതല്‍ കേരളത്തില്‍ ഡോക്ടര്‍മാരായി സേവനം നടത്താന്‍ പാടില്ല എന്നാണ് മന്ത്രിയുടെ പക്ഷമെന്നാണ് സന്ദീപ് വാചസ്പതിയുടെ വിമര്ശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി വീണാ ജോര്‍ജിന് എതിരെ അദ്ദേഹം രംഗത്ത് എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

‘മയക്കു മരുന്ന് കഴിച്ച് പരിചയമില്ലാത്ത, അടിതട പരിചയമില്ലാത്തവര്‍ ഇനി മുതല്‍ കേരളത്തില്‍ ഡോക്ടര്‍മാരായി സേവനം നടത്താന്‍ പാടില്ല എന്നാണ് മന്ത്രിയുടെ പക്ഷം. സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ ജീവിതം പൊലിഞ്ഞു പോയ ഡോ. വന്ദനയെ മരണത്തിലും സര്‍ക്കാര്‍ അവഹേളിക്കുകയും അപമാനിക്കുകയും ആണ്. മാപ്പ് പ്രിയപ്പെട്ട സഹോദരി. പൗരന്റെ ജീവന്‍ സംരക്ഷിക്കാന്‍ ബാധ്യത ഉള്ള ഒരു ഭരണകൂടം ഇല്ലാത്ത നാട്ടിലാണ് നാം ജീവിക്കുന്നത്’.