ഷിഹാബ് വധക്കേസ്, പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: 2015ൽ തൃശ്ശൂർ പാവറട്ടിയിൽ സിപിഎം പ്രവർത്തകൻ ഷിഹാബ് കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. നവീൻ, പ്രമോദ്, രാഹുൽ, വൈശാഖ്, സുധീർ എന്ന കണ്ണൻ, ബിജു, വിജയശങ്കർ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. കേസിൽ മുൻപ് ഇവർക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ചിരുന്നു.

ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിറക്കിയത്. ഷിഹാബ് സഞ്ചരിച്ചിരുന്ന ബൈക്ക് പ്രതികൾ ഇടിച്ചിട്ട് വെട്ടികൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസിൽ ആരോപിച്ചിരുന്നത്. 2015 മാർച്ച് 15-ന് പാവറട്ടിക്കടുത്ത് ചുക്കുബസാറിലായിരുന്നു സംഭവം.

ആർഎസ്എസ് കാര്യകർത്താവ് വിനോദ് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്നു മരണപ്പെട്ട ഷിഹാബ്. രാഷ്‌ട്രീയ വിരോധത്താൽ പ്രതികൾ ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ വാദിച്ചിരുന്നത്. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.